അനിൽ മേനോൻ - ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി വംശജൻ, യാത്ര ജൂലൈ 14 ന്

അനിൽ മേനോൻ - ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി വംശജൻ, യാത്ര ജൂലൈ 14 ന്

പാലക്കാട്: ജൂലൈ 14 ചൊവ്വാഴ്ച, നാസയുടെ ബഹിരാകാശയാത്രികൻ ഡോ. അനിൽ മേനോൻ റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറന്നുയരുന്നതോടെ, ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ മലയാളി വംശജനായി അദ്ധേഹം  ചരിത്രത്തിൽ  എഴുതപ്പെടും.

ജനിച്ചത് അമേരിക്കയിലാണെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മലയാളിയായ ആദ്യ അധ്യക്ഷൻ ഒറ്റപ്പാലത്തുകാരൻ ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ദൗത്യത്തിനാണ് അനിൽമേനോൻ ഉൾപ്പെട്ട സംഘം കസാക്കിസ്‌താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിൽ  പുറപ്പെടുന്നത്.

എട്ടുമാസത്തോളം അനിൽ ബഹിരാകാശത്തുണ്ടാകും. ബ്രിട്ടീഷ് ഇന്ത്യയിൽ അഡ്വക്കേറ്റ് ജനറലായ ആദ്യ ഇന്ത്യക്കാരനായ ചേറ്റൂർ ശങ്കരൻ നായർ വൈസ്രോയിയുടെ കൗൺസിൽ അംഗമായിരിക്കെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രാജിവയ്‌ക്കുകയായിരുന്നു. ചേറ്റൂരിൻ്റെ മൂന്നാമത്തെ മകളാണ് കിഴക്കേപ്പാട്ട് പാലാട്ട് മാധവിയമ്മ.മാധവൻ അറത്തിൽ കാൻഡത്തിൻ്റെയും (എം.എ. കാൻഡത്ത്) മാധവിയമ്മയുടെയും രണ്ടാമത്തെ മകളാണ് കല്യാണിക്കുട്ടിയമ്മ. ഇവരുടെയും മങ്ങാട്ട് ഗോപാൽ മേനോൻ്റെയും മകനാണ് അനിൽ മേനോന്‍റെ അച്‌ഛൻ കിഴക്കേപ്പാട്ട് പാലാട്ട് ശങ്കരൻ മേനോൻ. യുക്രൈനിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ലിസ സാമോലെങ്കോയാണ് അനിൽ മേനോൻ്റെ അമ്മ. ബഹിരാകാശ ശാസ്ത്രജ്ഞയായ അന്ന മേനോനാണ് (അന്ന വിൽഹെം) ഭാര്യ.

പ്രണയത്തിനുശേഷം 2016-ൽ വിവാഹിതരായ ഇരുവർക്കും രണ്ട് മക്കളുണ്ട്. ജെയിംസും ഗ്രേസും.അച്‌ഛമ്മയായ കല്യാണിക്കുട്ടിയമ്മയെ കാണാൻ അനിൽ മേനോൻ പാലക്കാട്ടെത്താറുണ്ടായിരുന്നു. 2024-ലാണ് അവസാനം വന്നത്. ആ വർഷം കല്യാണിക്കുട്ടിയമ്മ മരിച്ചു. അച്‌ഛൻ കെ.പി. ശങ്കരൻ മേനോൻ ഇപ്പോൾ അമേരിക്കയിലാണ്. ഇടയ്ക്ക് ഡൽഹിയിൽ വന്ന് താമസിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

2014 ലാണ് അനില്‍ മേനോന്‍ നാസയില്‍ ഫ്ലൈറ്റ് സര്‍ജനായി എത്തുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്‌ടറായ അനില്‍ ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് ആവശ്യമായ മെഡിക്കല്‍ പിന്തുണ നല്‍കി. ഇതോടൊപ്പം മെക്കാനിക്കൽ എഞ്ചിനീയറും യുണൈറ്റഡ് സ്റ്റേറ്റ്സ് സ്‌പേസ് ഫോഴ്‌സിലെ കേണലുമാണ്.

മസാച്യുസെറ്റ്സിലെ കേംബ്രിഡ്‌ജിലുള്ള ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടിയിട്ടുണ്ട്. സ്‌പേസ് എക്‌സ് വിമാനങ്ങൾക്കും ബഹിരാകാശ നിലയത്തിലെ നാസ പര്യവേഷണങ്ങൾക്കും ക്രൂ ഫ്ലൈറ്റ് സർജനായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. സ്പേസ് എക്‌സില്‍ എന്‍ജിനീയറായ അന്നയാണ് ഡോ. അനിലിന്‍റെ ഭാര്യ ഇവര്‍ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്.