നാസയുടെ 'ആർട്ടിമിസ്-2' ഫെബ്രുവരിയിൽ പുറപ്പെടും

ന്യൂഡൽഹി: ബഹിരാകാശ പര്യവേക്ഷണത്തിൽ അടുത്ത ചരിത്ര നേട്ടത്തിനൊരുങ്ങി നാസയുടെ ആർട്ടിമിസ്-2 ദൗത്യം. 2026 ഫെബ്രുവരി 6ന് ദൗത്യം വിക്ഷേപിക്കുമെന്നാണ് നാസ അറിയിച്ചത്. 1972ലാണ് അവസാന ചാന്ദ്രദൗത്യമായ അപ്പോളോ ദൗത്യം നടക്കുന്നത്. ഇതിന് ശേഷം നീണ്ട 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.പത്ത് ദിവസം നീളുന്നതാണ് ദൗത്യം. നാല് പേരാണ് ദൗത്യത്തിന്‍റെ ഭാഗമായി യാത്ര തിരിക്കുക. നാസയുടെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാവുക.നാസയുടെ ആർട്ടിമിസ്-2 ദൗത്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ഒരു ദൗത്യം കൂടിയാണിത്. ആർട്ടിമിസ്-2 ദൗത്യത്തിൽ ചന്ദ്രനെ ചുറ്റിയ ശേഷം തിരികെ മടങ്ങാനാണ് പദ്ധതി. ഈ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡിങ് നടത്തില്ല.
അതേസമയം ഇതിനു ശേഷമുള്ള ആർട്ടിമിസ് 3 ദൗത്യം ചന്ദ്രനിൽ ഇറങ്ങും. അതിനാൽ തന്നെ വരാനിരിക്കുന്ന ആർട്ടിമിസ്-2 ദൗത്യം അമേരിക്കക്കാരെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനുള്ള ആർട്ടിമിസ് 3 ദൗത്യത്തിന് മുന്നോടിയാണ്. 2027ൽ ആയിരിക്കും ആർട്ടെമിസ് 3 ദൗത്യം വിക്ഷേപിക്കുക. ഇതിന് മുന്നോടിയായി നടക്കുന്ന ആർട്ടിമിസ്-2 ദൗത്യം ഇതിലേക്കായി നിരവധി സംഭാവനകൾ നൽകും. ആർട്ടിമിസ്-2 ദൗത്യത്തിൽ സംഘത്തിന്‍റെ കണ്ടെത്തലുകളും പരീക്ഷണങ്ങളും അനുഭവസമ്പത്തും ചന്ദ്രനിലേക്ക് ഇറങ്ങുന്ന അടുത്ത ദൗത്യത്തെ കൂടുതൽ എളുപ്പമാക്കും.
എന്താണ് ആർട്ടിമിസ്-2 ദൗത്യം?
മനുഷ്യരെ ആദ്യമായി ചന്ദ്ര ദക്ഷിണധ്രുവത്തിൽ ഇറക്കുന്ന ദൗത്യമാണിത്. 1972 ഡിസംബറിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ഇതിന് ശേഷം 54 വർഷങ്ങൾക്ക് ശേഷമാണ് ബഹിരാകാശ സംഘത്തെ ചന്ദ്രനെ ചുറ്റാനായി അയയ്ക്കാൻ നാസ പദ്ധതിയിടുന്നത്.ദൗത്യത്തിനായുള്ള തയ്യാറെടുപ്പിലാണ് നാസ. ഓറിയോൺ ബഹിരാകാശ പേടകത്തെ നാസയുടെ കരുത്തേറിയ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലാണ് വിക്ഷേപിക്കുക. ജനുവരി 18നാണ് ഇത് ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള വിക്ഷേപണ പാഡിലേക്ക് വിജയകരമായി മാറ്റിയത്."മനുഷ്യ ബഹിരാകാശ യാത്രയിൽ ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ആർട്ടെമിസ് II ദൗത്യം. ഈ ചരിത്ര ദൗത്യം മനുഷ്യരെ ഭൂമിയിൽ നിന്ന് മുമ്പെത്താക്കാളും കൂടുതൽ ദൂരേക്ക് അയയ്ക്കുകയും ചന്ദ്രനിലേക്ക് മടങ്ങുന്നതിന് ആവശ്യമായ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യും. ഇതെല്ലാം അമേരിക്കയുടെ നേതൃത്വത്തിൽ ആയിരിക്കും," നാസ അഡ്‌മിനിസ്ട്രേറ്റർ ജാരെഡ് ഐസക്‌മാൻ പറഞ്ഞു.
2022 ഓഗസ്റ്റിലാണ് നാസയുടെ ഡീപ് സ്പേസ് എക്സ്പ്ലോറേഷൻ സിസ്റ്റങ്ങളുടെ ആദ്യത്തെ സംയോജിത ഫ്ലൈറ്റ് പരീക്ഷണമായ ആർട്ടെമിസ് I നാസ പരീക്ഷിച്ചത്. ആർട്ടെമിസ് II ഉപയോഗിച്ച് നാസ അതിന്‍റെ ഓറിയോൺ ബഹിരാകാശ പേടകവും ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണ സംവിധാനങ്ങളും യഥാർത്ഥ സാഹചര്യങ്ങളിൽ കർശനമായി പരീക്ഷിക്കും.ആർട്ടിമിസ്-3 ദൗത്യത്തിന് മുന്നോടിയായി ജീവൻ നിലനിർത്തുന്ന വസ്‌തുക്കളും മറ്റ് നിർണായക സംവിധാനങ്ങളും ആർട്ടിമിസ്-2 ദൗത്യത്തിൽ പരിശോധിക്കും. ഇതിനായി പേടകം ഭൂമിക്ക് ചുറ്റും ഒരു പ്രാരംഭ ഭ്രമണപഥം പൂർത്തിയാക്കും. ഭൂമിയോട് അടുത്തായിരിക്കുമ്പോൾ തന്നെ, ശ്വസിക്കാൻ കഴിയുന്ന വായു ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങളുടെ പ്രകടനം ക്രൂ വിലയിരുത്തും.തുടർന്ന് ബഹിരാകാശയാത്രികർ ചന്ദ്രന്‍റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഒരു ട്രാൻസ്-ലൂണാർ ഇഞ്ചക്ഷൻ ബേൺ പരീക്ഷിക്കും. ഈ ദൗത്യം ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് 230,000 മൈലിലധികം ദൂരത്ത് എത്തിക്കും. മടക്കയാത്രയ്‌ക്കായി പേടകം അധിക എഞ്ചിൻ ബേണുകൾ ഇല്ലാതെ ഭൂമിയിലേക്ക് തിരികെ എത്താൻ അനുവദിക്കുന്ന സ്വതന്ത്ര പാത പിന്തുടരും. ഉയർന്ന വേഗതയിലായിരിക്കും പേടകം അന്തരീക്ഷ പുനഃപ്രവേശിക്കുക. പസഫിക് സമുദ്രത്തിലായിരിക്കും സ്പ്ലാഷ്‌ഡൗൺ നടക്കുക.
വരും ദിവസങ്ങളിൽ നാസയുടെ എഞ്ചിനീയർമാരും സാങ്കേതിക വിദഗ്‌ധരും ആർട്ടെമിസ് II റോക്കറ്റ് വെറ്റ് ഡ്രസ് റിഹേഴ്‌സലിനായി തയ്യാറാക്കുമെന്നും, ഇത് ഇന്ധനം നിറയ്ക്കൽ പ്രവർത്തനങ്ങളുടെയും കൗണ്ട്ഡൗൺ നടപടിക്രമങ്ങളുടെയും പരീക്ഷണമാണെന്നും നാസ പറഞ്ഞു. ഫെബ്രുവരി 2ഓടെ ക്രയോജനിക് അഥവാ സൂപ്പർ-കോൾഡ് പ്രൊപ്പല്ലന്‍റുകൾ റോക്കറ്റിൽ കയറ്റുകയും കൗണ്ട്ഡൗൺ കടന്ന് റോക്കറ്റിൽ നിന്ന് പ്രൊപ്പല്ലന്‍റുകൾ സുരക്ഷിതമായി ഊറ്റിയെടുക്കാൻ പരിശീലിക്കുകയും ചെയ്യുമെന്നും നാസ കൂട്ടിച്ചേർത്തു.