നേപ്പാൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ പുരോഗമിക്കുന്നു

 നേപ്പാൾ പാർലിമെന്റ് തെരഞ്ഞെടുപ്പ്  ; വോട്ടെണ്ണൽ പുരോഗമിക്കുന്നു

കാഠ്‌മണ്ഡു: നേപ്പാളില്‍ ജെൻസി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ നേപ്പാൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മിക്ക സ്ഥലങ്ങളിലും സമാധാനപരമായ രീതിയിൽ വോട്ടെണ്ണൽ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് പ്രകാശ് ന്യൂപാനെ പറഞ്ഞു. ആയിരക്കണക്കിന് സൈനികരെയും പൊലീസിനെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ടോടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്പൂര്‍ണമായും അറിയാനാകും. കിഴക്കൻ ജില്ലയായ ജാപ-5 മണ്ഡലത്തിലെ ഫലമാണ് പലരും ഉറ്റുനോക്കുന്നത്. ഒരു പാർട്ടിക്കും പൂർണ്ണ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ നീണ്ടുപോയേക്കാമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. വോട്ടെടുപ്പിൻ്റെ സമാധാനപരമായ നടത്തിപ്പിനെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി പ്രശംസിച്ചു. "തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് നേപ്പാളി ജനതയ്ക്ക് അഭിനന്ദനങ്ങൾ... ഇതിലൂടെ രാജ്യത്ത് ജനാധിപത്യപരവും ഭരണഘടനാപരവുമായ ഒരു പരിഹാരം നൽകാൻ സാധിക്കും" കാർക്കി പറഞ്ഞു.

സർക്കാരിനെ അട്ടിമറിച്ച ജെൻസി പ്രതിഷേധങ്ങൾക്ക് ശേഷം നടന്ന ആദ്യ പാർലമെൻ്റ് തെരഞ്ഞെടുപ്പായതിനാൽ തെരഞ്ഞെടുപ്പ് ഫലത്തെ വളരെ ആകാംക്ഷയോടെയാണ് ജനം ഉറ്റു നോക്കുന്നത്. മുൻ പ്രധാനമന്ത്രി കെപി ശർമ്മ ഒലി, യുവജനങ്ങളുടെ ഹരമായമായി മാറിയ റാപ്പർ ബാലേന്ദ്ര ഷാ, പ്രമുഖ നേതാക്കന്മാരായ ഷേർ ബഹാദൂർ ദ്യൂബ, പുഷ്‌പ കമാൽ ദഹൽ (പ്രചണ്ഡ) തുടങ്ങിയ നേതാക്കൾ മത്സര രംഗത്തുണ്ടായിരുന്നു.2006-ൽ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം നേപ്പാളിൽ നടന്ന ഏറ്റവും വലിയ ചൂടേറിയ തെരഞ്ഞെടുപ്പാണ് ഇത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട് മാർക്‌സിസ്റ്റ് നേതാവായ കെപി ശർമ്മ ഒലിയെ കാഠ്‌മണ്ഡു മുൻ മേയറും റാപ്പറുമായ ബാലേന്ദ്ര ഷാ വെല്ലുവിളിച്ചിരുന്നു. മധ്യവർഗ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയിൽ (ആർഎസ്‌പി) നിന്നുള്ള ഷാ കറുത്ത സ്യൂട്ടും സൺഗ്ലാസും ധരിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്‌തു. യുവാക്കൾ നയിക്കുന്ന രാഷ്ട്രീയ മാറ്റത്തിൻ്റെ പ്രതീകമാണെന്ന രീതിയിലായിരുന്നു ഈ വേഷപ്പകർച്ച.

രാജ്യത്തെ ഏറ്റവും പഴയ പാർട്ടിയായ നേപ്പാളി കോൺഗ്രസിൻ്റെ പുതിയ നേതാവായ 49കാരനായ ഗഗൻ താപ്പ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പാർലമെൻ്റിൻ്റെ അധോസഭയായ 275 അംഗ ജനപ്രതിനിധി സഭയിലേക്ക് 3,400ലധികം സ്ഥാനാർഥികളാണ് മാറ്റുരച്ചത്. പാർട്ടി പട്ടികകൾ വഴി 110 പേരെ കൂടി തെരഞ്ഞെടുക്കുകയും ചെയ്‌തു. 59 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്."നമ്മുടെ രാജ്യത്തെ നയിക്കാനും രാഷ്ട്രത്തിന് മികച്ച പാത കാണിക്കാനും കഴിയുന്ന ഒരു പുതിയ നേതാവ് ഉയർന്നുവരണം. അങ്ങനെ ജെൻസി പ്രതിഷേധം അതിൻ്റെ ലക്ഷ്യം കൈവരിക്കും. ഇതിൽ കൂടുതലൊന്നും നമുക്ക് ആവശ്യമില്ല. നിരവധി അമ്മമാർക്ക് അവരുടെ കുട്ടികളെ നഷ്‌ടപ്പെട്ടു, അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടണം" കാഠ്‌മണ്‌ഠുവിൽ വോട്ട് രേഖപ്പെടുത്തിയ മീര പറഞ്ഞു.