ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയിക്ക് മുന്നറിയിപ്പുമായി നെതന്യാഹു

ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയിക്ക് മുന്നറിയിപ്പുമായി നെതന്യാഹു

ജറുസലേം: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടയിൽ ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയിക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 

ഖമനേയിയെയും ഹിസ്ബുള്ള നേതാവ് നയീം ഖാസിമിനെയും ഇസ്രയേൽ ലക്ഷ്യം വയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി "ഭീകര സംഘടനകളുടെ നേതാക്കളിൽ ആരുടേയും പേരിൽ ഞാൻ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിട്ടില്ല എന്നായിരുന്നു" ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.

"ഇറാനിയൻ ജനതയ്ക്ക് വേണ്ടി ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാനാണ്" യുഎസും ഇസ്രയേലും ശ്രമിക്കുന്നതെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങൾക്ക് സ്വാതന്ത്ര്യത്തിൻ്റെ പുതിയ പാതയിലേക്ക് കടക്കാൻ കഴിയുന്ന നിമിഷം, ആ നിമിഷം അടുത്തുവരികയാണ്. ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു, ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. എന്നാൽ ദിവസാവസാനം, അത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു! അത് നിങ്ങളുടെ കൈകളിലാണ്” ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്‌തുകൊണ്ട് നെതന്യാഹു പറഞ്ഞു .

 ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം ശക്തവും മികച്ചതുമാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ "എക്കാലത്തേക്കാളും ശക്തമാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തങ്ങൾ അഭൂതപൂർവമായ ശക്തി ഉപയോഗിച്ചാണ് ആക്രമിക്കുന്നതെന്നും ഇസ്രയേൽ ഒരുപാട് ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "അമേരിക്കയുമായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു സഖ്യം ഞങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്, ഞങ്ങളുടെ രാജ്യത്തിൻ്റെ മികച്ച സുഹൃത്തുമാണ് പ്രസിഡൻ്റ് ട്രംപ്. ഞങ്ങൾ മിക്കവാറും എല്ലാ ദിവസവും സംസാരിക്കുന്നു. ഞങ്ങൾ സ്വതന്ത്രമായി സംസാരിക്കുന്നു, ആശയങ്ങളും ഉപദേശങ്ങളും കൈമാറുന്നു, ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുന്നു" നെതന്യാഹു പറഞ്ഞു.

ഒരു അമേരിക്കൻ പ്രസിഡൻ്റും ഒരു ഇസ്രയേൽ പ്രധാനമന്ത്രിയും തമ്മിൽ നിലനിൽക്കുന്ന ഏതൊരു സാധാരണ ബന്ധത്തേക്കാളും നൂറ് മടങ്ങ് ശക്തമാണ് തങ്ങളുടെ ബന്ധം. തങ്ങൾ രാജ്യങ്ങളെക്കുറിച്ചോ ഈ തലമുറയെക്കുറിച്ചോ മാത്രമല്ല ചിന്തിക്കുന്നത്. ഭാവി തലമുറകളെക്കുറിച്ചാണ് ചിന്തിക്കുന്നത്, മാനവികതയുടെ ഭാവിയെക്കുറിച്ച്. ഈ ദിവസങ്ങളിൽ, താനും തൻ്റെ സഖ്യവും മേഖലയിലെ മറ്റു രാജ്യങ്ങളുമായി സഖ്യങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയതന്ത്ര രംഗത്തുള്ള ഇസ്രയേലിൻ്റെ മുന്നേറ്റത്തെക്കുറിച്ചും നെതന്യാഹു സൂചിപ്പിച്ചു.