മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിനെതിരെ കർശന നിലപാടുമായി തമിഴ്നാട്

ചെന്നൈ: അയൽ സംസ്ഥാനങ്ങളുമായുള്ള നദീജല തർക്കങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് തുടക്കം കുറിച്ച് തമിഴ്നാട് സർക്കാരിൻ്റെ നയപ്രഖ്യാപനം. ചെന്നൈ സെക്രട്ടേറിയറ്റിൽ ആരംഭിച്ച 17-ാമത് നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കറാണ് സർക്കാരിൻ്റെ കർശന നിലപാടുകൾ വ്യക്തമാക്കിയത്. കേരളത്തിനും കർണാടകത്തിനുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് നയപ്രഖ്യാപന രേഖയിലുള്ളത്.സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രത, കാർഷിക മേഖലയുടെ നിലനിൽപ്പ്, ദീർഘകാല വികസന ലക്ഷ്യങ്ങൾ എന്നിവ ഉറപ്പാക്കാൻ നദീജല വിഭവങ്ങളുടെ സംരക്ഷണം അനിവാര്യമാണെന്ന് ഗവർണർ ഊന്നിപ്പറഞ്ഞു. അയൽ സംസ്ഥാനങ്ങളുടെ ഏകപക്ഷീയമായ പദ്ധതികൾക്കും ഭരണപരമായ കാലതാമസങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. സംസ്ഥാനത്തിൻ്റെ ജല പരമാധികാരം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങൾ സർക്കാർ കൃത്യമായി വിശദീകരിച്ചു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല
തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ ഡാം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഇത് 152 അടിയാക്കാമെന്നും 2014ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അണക്കെട്ട് ബലപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ കേരള സർക്കാർ വിസമ്മതിക്കുകയാണ്.ഇതിന് പകരം പുതിയ ഡാം നിർമിക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നത്. കേരളത്തിൻ്റെ ഈ നീക്കത്തെ തടയാൻ തമിഴ്നാട് സർക്കാർ കർശന നടപടികൾ സ്വീകരിക്കും. മുല്ലപ്പെരിയാർ മേഖലയിൽ അറ്റകുറ്റപ്പണികൾ നടത്താനും ജലനിരപ്പ് ഉയർത്താനും കൂട്ടായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഗവർണർ വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന സൂചനയാണ് പുതിയ സർക്കാർ നൽകുന്നത്.
കാവേരി നദീജല തർക്കവും മേക്കേദാട്ടു പദ്ധതിയും
തമിഴ്നാടിൻ്റെ ധാന്യപ്പുരയായ കാവേരി ഡെൽറ്റ മേഖലയിലെ കർഷകർ പ്രധാനമായും ആശ്രയിക്കുന്നത് കാവേരി നദിയെയാണ്. കാലാകാലങ്ങളായി കാവേരിയിലെ ജലം ഉപയോഗിക്കാൻ തമിഴ്നാടിന് അവകാശമുണ്ട്. സുപ്രീം കോടതി ഈ അവകാശം ശരിവച്ചിട്ടും അർഹമായ ജലം ലഭിക്കാൻ ഓരോ വർഷവും സംസ്ഥാനത്തിന് പോരാടേണ്ടി വരികയാണ്. കർണാടക സർക്കാർ അവർക്ക് ആവശ്യമുള്ള ജലം എടുത്ത ശേഷം മിച്ചമുള്ളത് മാത്രമാണ് തമിഴ്നാട്ടിലേക്ക് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിലാണ് കർണാടക പുതിയതായി മേക്കേദാട്ടു പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈ പദ്ധതി യാഥാർഥ്യമായാൽ തമിഴ്നാട്ടിലെ കാർഷികോത്പാദനത്തെയും കർഷകരുടെ ഉപജീവനത്തെയും അത് ഗുരുതരമായി ബാധിക്കും. ഇത് തടയാനും തമിഴ്നാടിന് കൃത്യസമയത്ത് ജലം ലഭ്യമാക്കാനും ആവശ്യമായ നിയമനടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.
സംസ്ഥാനത്തിനുള്ളിലെ നദികളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കാൻ സർക്കാർ ഊർജിതമായ ശ്രമങ്ങൾ നടത്തും. ഇതിന് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നദികളെ തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി. കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും വരൾച്ച നേരിടാനും നദീസംയോജനം അനിവാര്യമാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. അയൽ സംസ്ഥാനങ്ങളുമായുള്ള ജല തർക്കങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടം തുടരുമെന്ന വ്യക്തമായ സന്ദേശമാണ് 17-ാമത് നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തമിഴ്നാട് സർക്കാർ നൽകുന്നത്.