"മതത്തിൻ്റെ പേരിലായാലും ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ല " : ഹൈക്കോടതി

ചെന്നൈ: മതവിശ്വാസങ്ങളുടെ പേരിൽപ്പോലും ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. തിരുനെൽവേലിയിലെ ഒരു മണ്ഡപവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഭൂമി കയ്യേറ്റ നിയമപ്രകാരമുള്ള നടപടികൾക്കെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
താമ്രഭരണി നദിക്കരയിലെ ബലിഘട്ടുകളിൽ പിതൃകർമ്മങ്ങൾക്കായി ആയിരക്കണക്കിന് ഭക്തരാണ് എത്താറുള്ളത്. കർമ്മങ്ങൾക്ക് ശേഷം മരിച്ചവർക്കായി ഉപയോഗിച്ച വസ്ത്രങ്ങൾ, തോർത്തുകൾ, ചെരുപ്പുകൾ എന്നിവ നദിയിലേക്ക് തള്ളുന്നത് പതിവാണെന്ന് കോടതിയെ ബോധിപ്പിച്ചു. നദി വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മൂർത്തി എന്ന സാമൂഹിക പ്രവർത്തകനുമായി കോടതി സംവദിച്ചു. പ്രതിദിനം ഒരു ടണ്ണോളം വസ്ത്രങ്ങളാണ് നദിയിലേക്ക് തള്ളുന്നതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
മെയ് 7 നും മെയ് 28 നും ഇടയിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ 86 മുതൽ 90 ടൺ വരെ വസ്ത്രങ്ങൾ നദിയിൽ നിന്ന് വീണ്ടെടുത്തതായി കോടതി ചൂണ്ടിക്കാണിച്ച ബുക്ക്ലെറ്റിൽ പറയുന്നു. ഇതിന് പുറമെ 1,385 കിലോ പ്ലാസ്റ്റിക്, 374 കിലോ സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളും, 220 കിലോ ഗ്ലാസ് കുപ്പികൾ, 115 കിലോ ചെരുപ്പുകൾ എന്നിവയും നദിയിൽ നിന്ന് വാരി കൂട്ടിയിട്ടുണ്ട്. പോളിസ്റ്റർ വസ്ത്രങ്ങൾ നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്നത് ഗുരുതരമായ ബാക്ടീരിയൽ അണുബാധയ്ക്ക് കാരണമാകുമെന്നും നദിയിലെ ആമകൾ ഇതിൽ കുടുങ്ങി ശ്വാസം മുട്ടി ചാവാനിടയാക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം മലിനീകരണമില്ലാത്ത വെള്ളം ലഭിക്കുക എന്നത് പൗരന്റെ അവകാശമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. വാട്ടർ ആക്ട് (1974), തമിഴ്നാട് പബ്ലിക് ഹെൽത്ത് ആക്ട് (1939) എന്നിവയിലെ വകുപ്പുകളും കോടതി ചൂണ്ടിക്കാട്ടി. പുറത്തുവന്ന കണക്കുകൾ ഭയപ്പെടുത്തുന്നതാണെന്നും യുദ്ധകാലാടിസ്ഥാനത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും കോടതി നിർദ്ദേശിച്ചു. “നദി നശിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഇടപെടാൻ നിർബന്ധിതരായത്,” കോടതി വ്യക്തമാക്കി.
എന്നാൽ, ഒരു വലിയ വിഭാഗം ഹിന്ദുക്കളുടെ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കോടതി ഉടനടി നിരോധന ഉത്തരവുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. എല്ലാ പങ്കാളികളുടെയും ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കൂ. ജൂലൈ 16-ന് കേസിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നതായി തിരുനെൽവേലി ജില്ലാ കളക്ടർ പൊതുജനങ്ങളെ അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മത സംഘടനകൾക്കും സാമൂഹിക പ്രവർത്തകർക്കും അന്നേ ദിവസം തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാം. നദിയെ സംരക്ഷിക്കുന്നതിനുള്ള അന്തിമ പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ജില്ലാ ഭരണകൂടത്തോടും കോടതി ആവശ്യപ്പെട്ടു.