ഇറാനിൽ 140 സൈനിക കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക, എണ്ണവിലയിൽ കുതിപ്പ്

ഇറാനിൽ 140 സൈനിക കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക, എണ്ണവിലയിൽ  കുതിപ്പ്

ടെഹ്‌റാൻ:  ഇറാനിൽ വീണ്ടും അമേരിക്കയുടെ വ്യാപക വ്യോമാക്രമണം. ബന്ദർ അബ്ബാസ്, ഖിഷം ദ്വീപ്, ഹാജിയാബാദ് എന്നിവിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഹോർമുസ് കടലിടുക്കിൽ കരാർ ലംഘിച്ച് കടക്കാൻ ശ്രമിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിൻ്റെ ഭാഗമായാണ് ആക്രമണം ട്രംപ്  ശക്തമാക്കിയത് 

അമേരിക്കൻ സെൻട്രൽ കമാൻഡിൻ്റെ (സെൻ്റ്കോം) നേതൃത്വത്തിലാണ് ഇറാനെതിരെ പുതിയ സൈനിക നീക്കം നടത്തിയത്. ഞായറാഴ്ച നടന്ന ആക്രമണത്തിൽ ജാസ്ക്, ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിലും മർക്കസി പ്രവിശ്യയിലും വൻ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖിഷം ദ്വീപിൽ മാത്രം 11 മിസൈലുകളാണ് പതിച്ചത്. ശനിയാഴ്ച കര-നാവിക സേനകളുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ്റെ 140 സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക കൃത്യതയാർന്ന ആക്രമണം നടത്തിയിരുന്നു.

മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, നാവിക സംവിധാനങ്ങൾ, ആയുധപ്പുരകൾ, വാർത്താവിനിമയ ശൃംഖലകൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയാണ് തകർത്തത്. അമേരിക്കൻ ആക്രമണങ്ങളിൽ ഇറാൻ്റെ വൈദ്യുതി ഗ്രിഡിന് കനത്ത നാശം സംഭവിച്ചതായും രണ്ടായിരത്തിലധികം കേന്ദ്രങ്ങൾ തകർന്നതായും സർക്കാർ വൈദ്യുതി കമ്പനി വ്യക്തമാക്കി. മൂന്ന് അതിർത്തി കേന്ദ്രങ്ങളും ഒരു ഓഫ്‌ഷോർ എണ്ണ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമും ആക്രമിക്കപ്പെട്ടതായി കുവൈത്ത് അറിയിച്ചു. അതേസമയം, അമേരിക്കൻ എച്ച്.ഐ.എം.എ.ആർ.എസ് മിസൈൽ ലോഞ്ചറുകളെ ലക്ഷ്യമിട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് നടപടി. ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഹോർമുസ് കടലിടുക്ക് വാണിജ്യ ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ്, കടലിടുക്കിൻ്റെ നിയന്ത്രണം തങ്ങൾക്കാണെന്ന ഇറാൻ്റെ അവകാശവാദം തള്ളി. ഇറാനുമായുള്ള നയതന്ത്ര ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്നും, വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബദൽ കപ്പൽ പാതയിലൂടെ കപ്പലുകൾ കൊണ്ടുപോകാനുള്ള തിരക്കിട്ട നീക്കത്തിലാണ് അമേരിക്ക. ഇതിന് ആവശ്യമായ സുരക്ഷയും നൽകുന്നുണ്ട്. എന്നാൽ ഇത് തടയാനാണ് ഇറാൻ ശ്രമിക്കുന്നത്. രണ്ട് ദിവസമായി കപ്പൽ പാത പൂർണമായും അടഞ്ഞുകിടക്കുകയാണ്. യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ ആഗോള എണ്ണ വിപണിയിൽ മൂന്ന് ശതമാനം വില വർധിച്ചു. കപ്പലുകൾ വരാതിരുന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യ ഉൾപ്പെടെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായി. ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കുവൈത്തിലും ആക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുന്നറിയിപ്പുമായി ഇറാൻ

അമേരിക്കൻ ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയം, ഇത് യുഎൻ ചാർട്ടറിൻ്റെ നഗ്നമായ ലംഘനമാണെന്ന് കുറ്റപ്പെടുത്തി. ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് താവളമൊരുക്കുന്ന ഏത് രാജ്യവും തങ്ങളുടെ പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മസ്കറ്റിൽ നടന്ന ചർച്ചകളെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് നടത്തിയ പരാമർശങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും, ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവിടെ ചർച്ച ചെയ്തതെന്നും ഇറാൻ വ്യക്തമാക്കി.അമേരിക്കയുടെ നടപടികളോട് യുഎൻ സെക്രട്ടേറിയറ്റ് സ്വീകരിച്ച മൃദുസമീപനത്തെ വിമർശിച്ച ഇറാൻ, അമേരിക്കയെക്കൊണ്ട് മറുപടി പറയിക്കാൻ രക്ഷാസമിതി തയാറാകണമെന്നും ആവശ്യപ്പെട്ടു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച കടന്നുകയറ്റത്തിൻ്റെ തുടർച്ചയാണിതെന്നും, ഇതിനെ സൈനിക ഏറ്റുമുട്ടലായി കാണാനാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പ്രതികരിച്ചു. ഇറാൻ ആരെയും ആക്രമിക്കുന്നില്ലെന്നും, അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം മാത്രമാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക രേഖകളിൽ 'പേർഷ്യൻ ഗൾഫ്' എന്ന പൂർണരൂപം തന്നെ ഉപയോഗിക്കാൻ യുഎൻ തയാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ആശങ്കയോടെ ലോകരാജ്യങ്ങൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണവും, ഇറാനിലെ അമേരിക്കൻ ഇടപെടലുകളും ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങിയാൽ അത് മേഖലയിലെ ജനങ്ങൾക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നയതന്ത്ര തലത്തിൽ ചർച്ചകൾ പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തയാറാകണമെന്നും ഗുട്ടെറസ് അഭ്യർഥിച്ചു.


 ടെഹ്‌റാൻ ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവ ലക്‌ഷ്യം വെച്ച് ഇറാൻ 

ഇറാനിലുടനീളം യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ, മേഖലയിലെ നിരവധി രാജ്യങ്ങളിൽ സൈറണുകൾ മുഴങ്ങി.ബഹ്‌റൈനിൽ, ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് തുറസ്സായ സ്ഥലങ്ങളിൽ താമസിക്കരുതെന്നും സുരക്ഷിതമായ ഇടങ്ങൾ കണ്ടെത്തണം എന്നും  ജനങ്ങളോട് നിർദ്ദേശിച്ചു.  ഇറാൻ ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളം ലക്ഷ്യമിട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

യുഎസ് സൈനിക ഡ്രോണുകളുടെ അറ്റകുറ്റപ്പണി സൗകര്യങ്ങളും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും തകർക്കുക എന്നതാണ് ഇറാൻ്റെ  ലക്ഷ്യo .കൂടാതെ ജോർദാനിലെ  അമേരിക്കയുടെ ഇന്ധന ഡിപ്പോകളും വെടിക്കോപ്പ് സംഭരണ സംവിധാനങ്ങളും ലക്ഷ്യമിടുന്നുണ്ട്.