2025ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേർക്ക്.

സ്‌റ്റോക്ഹോം: 2025ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോയൽ മോകിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹോവിറ്റ് എന്നിവരാണ് നൊബേൽ സമ്മാനത്തിന് അർഹയായത്. നവീകരണത്തിൽ അധിഷ്‌ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് അംഗീകാരം. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതോടെ വിവിധ മേഖലയിലെ ഈ വര്‍ഷത്തെ നൊബേല്‍ പ്രഖ്യാപനം പൂര്‍ത്തിയായി.ദീർഘകാല സാമ്പത്തിക വളർച്ചയെ നവീകരണം എങ്ങനെ നയിക്കുന്നു എന്ന് കാണിക്കുന്ന ഗവേഷണത്തിനാണ് ജോയല്‍ മോകിറിന് 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. നവീകരണത്തെയും സർഗാത്മക നശീകരണത്തെയും കുറിച്ചുള്ള സിദ്ധാന്തത്തിനാണ് അഗിയോണിനും ഹോവിറ്റിനും അംഗീകാരം ലഭിച്ചത്. പുതിയ സാങ്കേതികവിദ്യ എങ്ങനെ സുസ്ഥിര വളർച്ചയെ നയിക്കുമെന്നാണ് മൂവരുടെ പഠനം എടുത്ത് കാണിക്കുന്നത്. ലോകം തുടർച്ചയായ സാമ്പത്തിക വളർച്ച കൈവരിക്കുകയാണ്. കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.നവീകരണം കൂടുതൽ പുരോഗതിക്ക് എങ്ങനെ പ്രചോദനം നൽകുന്നുവെന്ന് ഈ വർഷത്തെ സമ്മാന ജേതാക്കൾ അഭിപ്രായപ്പെട്ടു. സാമ്പത്തിക വളർച്ചയെ നിസ്സാരമായി കാണാനാവില്ലെന്ന് സമ്മാന ജേതാക്കളുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നുവെന്ന് സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാന സമിതിയുടെ ചെയർമാനായ ജോൺ ഹാസ്ലർ പറഞ്ഞു.മൂന്ന് വിജയികളും 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (£872,000- ഏകദേശം 10.39 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുക പങ്കിടും