ഉത്തരകൊറിയയുടെ പുതിയ മിസൈൽ എൻജിൻ പരീക്ഷണം വിജയം :ലക്‌ഷ്യം അമേരിക്ക

പ്യോങ്‌യാങ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഉത്തരകൊറിയയുടെ പുതിയ മിസൈൽ എൻജിൻ പരീക്ഷണം. അമേരിക്കൻ വൻകരയെ നേരിട്ട് ലക്ഷ്യമിടാൻ ശേഷിയുള്ള, ദീർഘദൂര ആണവ മിസൈലുകൾക്കായി വികസിപ്പിച്ച ഉയർന്ന കരുത്തുള്ള സോളിഡ്-ഫ്യുവൽ (ഖര ഇന്ധന) എൻജിനാണ് ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചത്.പരീക്ഷണം രാജ്യത്തിൻ്റെ തന്ത്രപരമായ സൈനിക ശേഷി വർധിപ്പിക്കുന്നതിനുള്ള നിർണായക ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ടെത്തിയാണ് പരീക്ഷണം വിലയിരുത്തിയതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തിൻ്റെ തന്ത്രപരമായ സൈനിക ശക്തിയെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന നിർണായക ചുവടുവെപ്പാണിതെന്ന് കിം വിശേഷിപ്പിച്ചു.
അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തുമെന്ന് കിം ഉത്തരകൊറിയൻ പാർലമെൻ്റിൽ പ്രസംഗിച്ചതിന് പിന്നാലെയാണ് ഈ നീക്കം. യുഎസിൻ്റെ ആഗോള അധിനിവേശത്തെയും ഭീകരതയെയും കുറിച്ച് പരാമർശിച്ച കിം, ഉത്തരകൊറിയയെ ഒരു സ്ഥിര ആണവശക്തിയാക്കി മാറ്റുമെന്ന് വാഗ്ദാനം ചെയ്തു.പുതുതായി നവീകരിച്ച 'കോമ്പോസിറ്റ് കാർബൺ ഫൈബർ' ഉപയോഗിച്ചുള്ള എൻജിൻ്റെ ഗ്രൗണ്ട് ജെറ്റ് പരീക്ഷണമാണ് നടന്നതെന്ന് കെസിഎൻഎ (KCNA) റിപ്പോർട്ട് ചെയ്തു. സെപ്റ്റംബറിൽ സമാനമായ രീതിയിൽ നടന്ന ഖര ഇന്ധന എൻജിൻ പരീക്ഷണത്തിൽ ഏകദേശം 1,971 കിലോടൺ കരുത്താണ് രേഖപ്പെടുത്തിയത്. ഒരൊറ്റ മിസൈലിൽ ഒന്നിലധികം വാർഹെഡുകൾ (Warheads) സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എൻജിൻ്റെ കരുത്ത് വർധിപ്പിക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു. എന്നാൽ പരീക്ഷണം എപ്പോൾ, എവിടെയാണ് നടന്നതെന്ന് കെസിഎൻഎ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തിൻ്റെ അഞ്ച് വർഷത്തെ സൈനിക നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയത്. അമേരിക്കൻ വൻകരയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM) വികസിപ്പിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. തന്ത്രപരമായ ആക്രമണ മാർഗങ്ങൾ നവീകരിക്കുന്നത് പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്‌തു.അടുത്തിടെ ഉത്തരകൊറിയ പരീക്ഷിച്ച പല മിസൈലുകളും ഖര ഇന്ധനം ഉപയോഗിക്കുന്നവയാണ്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന പഴയ മിസൈലുകളെ അപേക്ഷിച്ച് ഇവ വിക്ഷേപിക്കുന്നതിന് മുമ്പ് കണ്ടെത്തുക പ്രയാസകരമാണ്. പഴയ മിസൈലുകളിൽ വിക്ഷേപണത്തിന് തൊട്ടുമുമ്പ് ഇന്ധനം നിറയ്ക്കേണ്ടതുണ്ട് എന്നതായിരുന്നു പ്രധാന വെല്ലുവിളി. കൂടാതെ അവ അധികകാലം നിലനിൽക്കില്ല എന്നതുമുണ്ട്.
തീവ്രമായ താപനിലയെ അതിജീവിച്ച് വാർഹെഡുകൾക്ക് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്താനുള്ള സാങ്കേതികവിദ്യ ഉത്തരകൊറിയ ഇനിയും പൂർണമായി കൈവരിക്കാനുണ്ടെന്ന് ചില വിദേശ വിദഗ്ധർ വിശ്വസിക്കുന്നു. എന്നിരുന്നാലും വർഷങ്ങളായി തുടരുന്ന മിസൈൽ പരീക്ഷണങ്ങളിലൂടെ അവർ വലിയ പുരോഗതി കൈവരിച്ചതായി മറ്റു ചിലർ വാദിക്കുന്നു.2019-ൽ അന്നത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ ആണവായുധ ശേഖരം വർധിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ഉത്തരകൊറിയ. ഫെബ്രുവരിയിൽ നടന്ന വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ ട്രംപുമായി ചർച്ചയ്ക്ക് തയാറാണെന്ന് കിം സൂചിപ്പിച്ചെങ്കിലും, ആണവ നിരായുധീകരണം എന്ന ആവശ്യം അമേരിക്ക ഉപേക്ഷിക്കണമെന്ന കർശന വ്യവസ്ഥയും അദ്ദേഹം മുന്നോട്ടുവെച്ചു.