"ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കുന്നില്ല, ഇത് പൊലീസിൻ്റെ ക്രൂരത"-പാക് ഭരണകൂടത്തിന് എതിരെ സഹോദരി

ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ അവസ്ഥ വളരെ ദയനീയമാണെന്ന് സഹോദരി നൊറീൻ നിയാസി. ജയിലിലെ അദ്ദേഹത്തിൻ്റെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികൾ മനഃപൂർവം മറച്ചുവയ്‌ക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള സൗകര്യം നിഷേധിക്കുകയാണെന്നും അവർ ആരോപിച്ചു. ഇപ്പോൾ അദ്ദേഹം കടുത്ത അടിച്ചമർത്തലുകളാണ് നേരിടുന്നത് എന്നും നൊറീൻ നിയാസി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു."ഞങ്ങൾക്ക് ഒന്നും അറിയില്ല. അവർ ഞങ്ങളോട് ഒന്നും പറയാറില്ല, ആരെയും അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല. അദ്ദേഹത്തിൻ്റെ പാർട്ടിയിലെ ആളുകൾ ഒരു മീറ്റിങ് ഷെഡ്യൂൾ ചെയ്‌തിരുന്നതിനാൽ അദ്ദേഹത്തെ കാണാൻ ജയിലിൽ പോയി, പക്ഷേ അവരെ അകത്ത് പ്രവേശിപ്പിച്ചില്ല. കഴിഞ്ഞ നാല് ആഴ്‌ചയായി അദ്ദേഹത്തെ കാണാൻ ഞങ്ങൾക്ക് അനുവാദമില്ല. അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാർത്ത ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു," നൊറീൻ നിയാസി പറഞ്ഞു.
ഇമ്രാൻ ഖാനൊപ്പം നിൽക്കുന്നർക്ക് എതിരെ നടപടിയെടുക്കാൻ പാക് ഭരണകൂടം പൊലീസിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരുൾപ്പെടെയുള്ളവരെ യാതൊരു ഭയവും കൂടാതെ മർദിക്കാനുള്ള അനുവാദം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും നൊറീൻ നിയാസി ആരോപിച്ചു. "ഞങ്ങളെ തടയാൻ പൊലീസിനോട് ഉത്തരവിട്ടിട്ടുണ്ട്. പാകിസ്ഥാനിൽ മുമ്പ് ഒരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല. ഈവിധത്തിൽ ആരും സ്ത്രീകളെ ആരു അപമാനിച്ചിട്ടില്ല, ആരെയും ഈ രീതിയിൽ അടിച്ചമർത്തിയിട്ടുമില്ല. പാകിസ്ഥാനിൽ ഇതാദ്യമായാണ് ഒരു സ്‌ത്രീയെന്നോ കുട്ടിയെന്നോ പ്രായമായ ആളെന്നോ പോലുമുള്ള പരിഗണനയില്ലാതെ ആളുകളെ തല്ലിച്ചതയ്‌ക്കാൻ അനുവദിക്കുന്നത്. പാകിസ്ഥാനിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന് അറിയാം," അവർ പറഞ്ഞു.സഹോദരി അലീമ ഖാന് ഇമ്രാൻ ഖാനെ കാണാനുള്ള അനുമതി നിഷേധിച്ചതിനെത്തുടർന്ന്, പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂണ്‍ഖ്വ മുഖ്യമന്ത്രിയും പിടിഐ നിയമസഭാംഗങ്ങളും അനുയായികളും ജയിലിന് മുന്നിൽ ഒത്തുകൂടി. കഴിഞ്ഞ വർഷം ഇമ്രാൻ ഖാനെ വൈദ്യുതിയില്ലാതെ ഏകദേശം മൂന്ന് ആഴ്‌ചയോളം ഐസൊലേഷനിൽ പാർപ്പിച്ചിരുന്നുവെന്നും ഐസൊലേഷൻ നാല് ദിവസത്തിൽ കൂടരുതെന്ന് വ്യക്തമാക്കുന്ന ജയിൽ മാനുവലിൻ്റെ ലംഘനമാണിതെന്നും നിയാസി പറഞ്ഞു."അദ്ദേഹം വളരെ ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ജയിൽ മാനുവൽ അനുസരിച്ച്, ഒരാളെ നാല് ദിവസത്തിൽ കൂടുതൽ ഐസൊലേഷനിൽ പാർപ്പിക്കാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹത്തെ മൂന്ന് ആഴ്‌ച ഐസൊലേഷനിൽ പാർപ്പിച്ചു. ആ സമയത്ത് വൈദ്യുതി വിച്ഛേദിച്ചിരുന്നു, കൂടാതെ അത് ഒരു വേനൽക്കാലമായിരുന്നു. പുസ്‌തകങ്ങൾ വായിക്കാൻ പോലും അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ഇപ്പോഴും അതുതന്നെയാണ് അവസ്ഥ. ജയിലിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല," -നിയാസി പറഞ്ഞു. തൻ്റെ സഹോദരനെപ്പോലെ തന്നെ ജയിലിൽ കഴിയുന്ന ദരിദ്രരും നിരപരാധികളുമായ ആളുകളെക്കുറിച്ച് തനിയ്‌ക്ക് ആശങ്കയുണ്ടെന്നും അവർ വ്യക്തമാക്കി.