"രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തിൽ അസ്വസ്ഥരാകാത്ത ആളുകളെ ഒന്നിനും ലജ്ജിപ്പിക്കാൻ കഴിയില്ല": ഹൈക്കോടതി
പ്രയാഗ്രാജ്: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തുക തട്ടിയെടുത്തതിൽ അതൃപ്തി രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അതുൽ ശ്രീധരൻ. ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ പോലും കുലുങ്ങാത്തവരെ നാണംകെടുത്താൻ ഇനി ഒന്നിനും സാധിക്കില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. രാജ്യത്ത് പടർന്നുപിടിക്കുന്ന അഴിമതി തുടച്ചുനീക്കാൻ അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തി കുറ്റക്കാർക്ക് വധശിക്ഷ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.ഉത്തർപ്രദേശ് സർക്കാരിന്റെ ‘ബുൾഡോസർ നീതി’യുമായി ബന്ധപ്പെട്ട കേസിൽ നൽകിയ 51 പേജുള്ള പ്രത്യേക വിധിന്യായത്തിലാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ ഇന്ത്യയിലെ വ്യവസ്ഥാപിത അഴിമതിയെക്കുറിച്ചുള്ള കടുത്ത പ്രതികരണങ്ങൾ നടത്തിയത്. “അയോധ്യ രാമക്ഷേത്രത്തിലെ പണത്തട്ടിപ്പ് കേസ് ഇന്ത്യക്കാരുടെ ആത്മാർത്ഥതയുടെയും സമഗ്രതയുടെയും അധഃപതനത്തെയാണ് കാണിക്കുന്നത്. ഇതിലും ജനങ്ങൾക്ക് കുലുക്കമില്ലെങ്കിൽ പിന്നെ എന്തിലാണ് ഈ സമൂഹം നാണംകെടുക?”, അദ്ദേഹം ചോദിച്ചു.