ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാൻ ഇറാൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനുമായി വിപുലമായ ചർച്ചകൾ നടത്തി ഇന്ത്യയുടെ മുതിർന്ന ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ (എസ്എൻഎസ്‌സി) പ്രതിരോധകാര്യ ഡെപ്യൂട്ടി സെക്രട്ടറി ഗാദിർ നെസാമിപൗറുമായാണ് അദ്ദേഹം ചർച്ച നടത്തിയത്.യുഎസുമായി സമാധാന കരാറിൽ ഏർപ്പെട്ടതിനുശേഷം ഇറാനിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇതാദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരുപക്ഷവും അവലോകനം ചെയ്‌തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹ മാധ്യമത്തിൽ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളുടെ സഹകരണത്തെക്കുറിച്ചും ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്‌തതായി അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ന് ആരംഭിച്ച ബ്രിക്‌സ് കോണ്‍ക്ലേവിൽ പങ്കെടുക്കുന്നതിന് വേണ്ടി ഗാദിർ ഇന്ത്യയിലാണ് ഇപ്പോൾ ഉള്ളത്. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഇന്ത്യ ബ്രിക്‌സ് കോണ്‍ക്ലേവിന് ആതിഥേയത്വം വഹിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്‌ടകർ മേഖലയിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ബ്രിക്‌സ് കോണ്‍ക്ലേവിൽ വിപുലമായ ചർച്ചകൾ നടത്തും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യൻ എൻഎസ്‌എ സെർജി ഷോയിഗു, മറ്റ് ഉന്നത ബ്രിക്‌സ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. അജിത് ഡോവൽ ആയിരിക്കും കോൺക്ലേവിൻ്റെ അധ്യക്ഷൻ.