ആണവ കരാർ : ധാരണയിലെത്താൻ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്

വാഷിങ്‌ടൺ: ആണവ കരാറിൽ ധാരണയിലെത്താൻ ഇറാന് സമയപരിധി നിശ്ചയിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 10 മുതൽ 15 ദിവസത്തിനുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്‍ കനത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇന്നലെ വാഷിങ്‌ടണിൽ നടന്ന ബോർഡ് ഓഫ് പീസിൻ്റെ ആദ്യ യോഗത്തിലാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
തുടർന്ന് തങ്ങൾ യുദ്ധം ആരംഭിക്കുന്നില്ലെന്നാണ് ഇറാൻ നൽകിയ മറുപടി. അമേരിക്കയുടെ ആക്രമണം ഉണ്ടാകുന്ന പക്ഷം സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്നും ഇറാൻ പറഞ്ഞു. ട്രംപിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലാണ് ഇറാൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യുഎസിൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ അമേരിക്കൻ മേഖലയിലെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വയ്‌ക്കുമെന്നും തകർക്കുമെന്നും കത്തിൽ പറഞ്ഞിരിക്കുന്നു. യുദ്ധ സമാനമായ സംഘർഷ സാഹചര്യത്തിൽ ഇറാനും റഷ്യയും ചേർന്ന് ഹോർമൂസ് കടലിടുക്കിൽ ഇന്നലെ സൈനിക അഭ്യാസം നടത്തിയിരുന്നു. അതേസമയം പശ്ചിമേഷ്യൻ തീരത്ത് അമേരിക്കയും സൈനിക സന്നാഹം ശക്തിപ്പെടുത്തി. ഇറാന് നേരെ ആക്രമണമുണ്ടായാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിഗോ ഗാർഷ്യ സൈനിക താവളം അമേരിക്ക ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഇറാന് നേരെ അമേരിക്കയുടെ സൈനിക ആക്രമണങ്ങൾ ഉണ്ടായാൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിൻ്റെ മുന്നറിയിപ്പ്. ജനീവയിൽ നടന്ന അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെയാണ് ലാവ്‌റോവിൻ്റെ പ്രതികരണം. നേരത്തെ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെയാണ് ബാധിച്ചതെന്നും അതൊരു ആണവ ദുരന്തത്തിന് വഴിവയ്‌ക്കുമായിരുന്നെന്നും ലാവ്റോവ് അഭിപ്രായപ്പെട്ടിരുന്നു.തുടർന്ന് അമേരിക്കയും ഇറാനും തമ്മിൽ പല തവണ ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ മറ്റ് പല വിഷയങ്ങളിലും കടുത്ത ഭിന്നിപ്പിലാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് പറഞ്ഞു. സംഘർഷങ്ങൾ അവസാനിപ്പിച്ച് ധാരണയിലെത്തുന്നതിൻ്റെ ഭാഗമായി, ഫെബ്രുവരി 28ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇറാന്‍ വിഷയത്തില്‍ ചര്‍ച്ച നടത്താനിരിക്കുകയാണ്.