മരണകാരണം കണ്ടെത്താൻ ഫിറ്റ്നസ് പരിശീലകന്‍റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു

മരണകാരണം കണ്ടെത്താൻ ഫിറ്റ്നസ് പരിശീലകന്‍റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു

തൃശൂർ:   വടക്കാഞ്ചേരിയിലെ ഫിറ്റ്നസ് പരിശീലകന്‍ മാധവിൻ്റെ  മരണത്തിന് കാരണം കണ്ടെത്താൻ  ആന്തരീകാവയവങ്ങള്‍   പോലീസ് രാസ പരിശോധനയ്ക്ക് അയച്ചു. മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകൾ ഉപയോഗിച്ചതാകാം മരണകാരണം എന്നാണ് പോലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയധമനികളില്‍ ബ്ലോക്കില്ലെന്ന് കണ്ടെത്തിയിരുന്നു.

 തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലെ മണി - കുമാരി ദമ്പതികളുടെ മകൻ  ഇരുപത്തെട്ടുകാരനായ മാധവിനെ ഇന്നലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്നസ് സെന്‍ററില്‍ പരിശീലകനായി പോകുന്ന  മാധവ്  ഇന്നലെ നാലരയായിട്ടും എഴുന്നേറ്റിരുന്നില്ല. മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.അമ്മ വാതിലില്‍ തട്ടിവിളിച്ചിട്ടും പ്രതികരണമില്ലെന്ന് കണ്ടതോടെ അയല്‍വാസിയുടെ സഹായത്തോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  മുഖം നീലനിറത്തിലായിരുന്നു. പാമ്പ് കടിയേറ്റിരുന്നോയെന്ന സംശയം ഉയര്‍ന്നെങ്കിലും ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലായിരുന്നു. കട്ടിലിന് താഴെയായി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ശരീരം. വിദേശനിർമിത മരുന്നുകളും സിറിഞ്ചും മാധവിന്റെ കിടപ്പുമുറിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകൾ ഉപയോഗിച്ചതാകാം മരണകാരണം എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത് ഈ കാരണത്തിലാണ്.