അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ചു; ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചുണ്ടിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ഒന്നരവയസ്സുകാരൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരണപ്പെട്ടു.എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. പയ്യന്നൂരിലെ ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനാവുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ചുണ്ടിൽ മുറിവേറ്റതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെറിയൊരു മുറിവായിരുന്നിട്ടും ജനറൽ അനസ്തേഷ്യ നൽകാൻ തുനിഞ്ഞ ആശുപത്രി അധികൃതർ, ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് നൽകേണ്ട യാതൊരുവിധ മുൻകരുതലുകളും മുന്നറിയിപ്പുകളും നൽകിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി മാസം തികയാതെ പ്രസവിച്ചതാണെന്ന വിവരം ഉൾപ്പെടെയുള്ള ആരോഗ്യസ്ഥിതി മുൻകൂട്ടി ഡോക്ടർമാരെ അറിയിച്ചിരുന്നതാണെന്നും കുടുംബം വ്യക്തമാക്കുന്നു.ചുണ്ടിലെ ചെറിയൊരു മുറിവിന് ഒരു ബാൻഡേജ് ഒട്ടിച്ചാൽ മതിയാകുമായിരുന്ന സാഹചര്യത്തിലാണ് വലിയ തോതിലുള്ള അനസ്തേഷ്യ നൽകിയത്. ഇന്ന് രാവിലെ കുട്ടിയെ പരിശോധിച്ചപ്പോൾ തയ്യൽ (സ്റ്റിച്ച്) ഇടാതെ തന്നെ ആ മുറിവ് സ്വാഭാവികമായി ഉണങ്ങിയിട്ടുണ്ടായിരുന്നു. ഇതിൽ നിന്നും അനസ്തേഷ്യ നൽകേണ്ട യാതൊരുവിധ ആവശ്യവും അവിടെ ഇല്ലായിരുന്നുവെന്ന് വ്യക്തമാണെന്നും, ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്