സംസ്ഥാനത്ത് ഒരാൾ കൂടി ഷിഗെല്ല ബാധിച്ച് മരിച്ചു; ഇന്ന് 6 പേർക്ക് കൂടി രോഗബാധ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയുയർത്തി ഒരാൾ കൂടി ഷിഗെല്ല ബാധിച്ച് മരണമടഞ്ഞു . പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്വദേശിയാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. മരണത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പിനെ കനത്ത ജാഗ്രതയിലാക്കിയിട്ടുണ്ട്. ഇന്ന് മാത്രം സംസ്ഥാനത്ത് ആറ് പേർക്ക് കൂടി പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതേസമയം, പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷിഗെല്ല കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ അടിയന്തിര പ്രതിരോധ നടപടികൾ ആരംഭിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനായി മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു. ജില്ലയിൽ രോഗബാധിതയായ പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയുടെ സഹോദരങ്ങൾക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ ആർക്കും തന്നെ രോഗബാധയില്ലെന്നും മന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കഴിച്ച പഴകിയ ഭക്ഷണത്തിൽ നിന്നാണ് പെൺകുട്ടിക്ക് രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അനുമാനം. പെൺകുട്ടി കടയിൽ നിന്ന് വാങ്ങിയ പഴയ പൊറോട്ട കഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട എഴിക്കാട് ഉന്നതി പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത ആഴ്ച എഴിക്കാട് ഉന്നതിയിൽ വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ വരും ദിവസങ്ങളിൽ രോഗം പടരാതിരിക്കാൻ ചൊവ്വാഴ്ച ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും വിപുലമായ ബോധവത്ക്കരണ പരിപാടികൾ നടത്താൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾക്ക് നിർദേശം നൽകി. ജില്ലയിൽ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കടുപ്പിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്കാണ് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ്