ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള യാത്രയ്ക്ക് യുഎസ് പ്രസിഡന്റ് തുടക്കം കുറിച്ചു

ക്വാലാലംപൂര്‍: ഏഷ്യന്‍ സന്ദര്‍ശനത്തിന്‍റെ ആദ്യഭാഗമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മലേഷ്യയിലെത്തിയ  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  ചൈനീസ് പ്രസിഡന്‍റ് ഷി ജിങ് പിങുമായി  കൂടിക്കാഴ്‌ച നടത്തും.അമേരിക്ക-ചൈന വാണിജ്യ ചര്‍ച്ചകള്‍ മലേഷ്യന്‍ തലസ്ഥാനത്ത് ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ട്രംപും ഷിയും ദക്ഷിണ കൊറിയയില്‍ നടത്തുന്ന കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായാണ് ഈ ചര്‍ച്ചകള്‍ അരങ്ങേറുന്നത്. ലോകത്തെ രണ്ട് സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വാണിജ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഈ ചര്‍ച്ചകളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഷിയുമായി സമഗ്ര ധാരണ പ്രതീക്ഷിക്കുന്നതായി എയര്‍ഫോഴ്‌സ് വണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന നൂറ് ശതമാനം ചുങ്കം ഒഴിവാക്കാനും കൂടുതല്‍ ചുങ്കം ഏര്‍പ്പെടുത്തല്‍ നടപടികളിലേക്ക് പോകാതിരിക്കാനും ചൈന ധാരണയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കരാറിന്‍റെ അന്തിമ വിശദാംശങ്ങളിലേക്ക് തങ്ങള്‍ കടക്കുകയാണ്. ഭരണാധികാരികള്‍ക്ക് ഇത് പുനപ്പരിശോധിക്കാനാകുമെന്നും ക്വാലാലംപൂരില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ വാണിജ്യ പ്രതിനിധി ജാമിയേസണ്‍ ഗ്രീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.2019ന് ശേഷം ആദ്യമായി വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്‌ച നടത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ജപ്പാന്‍ സന്ദര്‍ശനവും അജണ്ടയിലുണ്ട്. രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്‍റായി അവരോധിതനായ ശേഷം ഏഷ്യയിലേക്ക് അദ്ദേഹം ആദ്യമായാണ് സന്ദര്‍ശനം നടത്തുന്നത്. പ്രസിഡന്‍റ് എന്ന നിലയില്‍ ട്രംപ് ആദ്യമായാണ് ക്വാലാലംപൂര്‍ സന്ദര്‍ശിക്കുന്നത്. മലേഷ്യയുടെ രണ്ട് എഫ് 18 ജെറ്റുകളും ട്രംപിന് അകമ്പടി പോകുന്നുണ്ട്.ചുവപ്പ് പരവതാനി വിരിച്ചാണ് ട്രംപിനെ സ്വീകരിച്ചത്. മലേഷ്യയുടെയും അമേരിക്കയുടെയും പതാകകളും അണിനിരത്തിയിരുന്നു. നൃത്തം അടക്കം വിവിധ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിരുന്നു.മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി അദ്ദേഹം ഒരു ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കുമെന്നാണ് കരുതുന്നത്.

അതേസമയം ചെറിയ തോതില്‍ പ്രതിഷേധവും സ്ഥലത്ത് അരങ്ങേറി. തായ്‌ലന്‍ഡും കമ്പോഡിയയും തമ്മിലുള്ള ഒരു വെടിനിര്‍ത്തല്‍ കരാറിലും അമേരിക്കന്‍ പ്രസിഡന്‍റ് ഒപ്പ് വയ്ക്കുമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളായി അയല്‍ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിനാണ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ അവസാനമായിരിക്കുന്നത്.ഖത്തര്‍ നേതാക്കളുമായും ട്രംപ് കൂടിക്കാഴ്‌ച നടത്തും. ഗാസ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്. ബ്രസീലിയന്‍ പ്രസിഡന്‍റ് ലൂയിസ് ഇനേഷ്യ ലുല ഡിസില്‍വയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. മലേഷ്യ സന്ദര്‍ശനത്തിന് ശേഷം തിങ്കളാഴ്‌ച ട്രംപ് ടോക്യോയിലേക്ക് പോകുമെന്നാണ് അറിയുന്നത്. അവിടെ ജപ്പാന്‍ പ്രധാനമന്ത്രി സനായ് തകായിച്ചിയുമായി കൂടിക്കാഴ്‌ച നടത്തും. അവരെ കുറിച്ച് താന്‍ ധാരാളം കേട്ടെന്ന് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അടുത്ത അനുയായി ആയിരുന്നു അവരെന്നും അദ്ദേഹം പറഞ്ഞു. ആബെയുമായി തനിക്ക് വളരെ അടുപ്പമുണ്ടായിരുന്നെന്നും ട്രംപ് പറഞ്ഞു.ജപ്പാന്‍ -അമേരിക്ക ബന്ധം മെച്ചപ്പെടുത്തുകയാണ് തന്‍റെ ഏറ്റവും വലിയ പരിഗണനയെന്ന് കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിക്കവെ അവര്‍ തന്നോട് പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തി. നയ-സുരക്ഷ കാര്യങ്ങളിലാകും ബന്ധം മെച്ചപ്പെടുത്താന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക.ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് ചുങ്കം ചുമത്തിയിട്ടുണ്ടെങ്കിലും അതില്‍ നിന്ന് രക്ഷപ്പെട്ട രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. അസന്തുലിത വാണിജ്യം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നികുതിയെന്നാണ് ട്രംപിന്‍റെ ഭാഷ്യം.ദക്ഷിണ കൊറിയയിലേക്കുള്ള ട്രംപിന്‍റെ യാത്രയാണ് ഏവരും ഉറ്റുനോക്കുന്നത്. അവിടെ വച്ചാണ് ഷിയുമായുള്ള കൂടിക്കാഴ്‌ച.ബുധനാഴ്‌ച ദക്ഷിണ തുറമുഖ നഗരമായ ബുസാനില്‍ ട്രംപ് എത്തും. ഏഷ്യ -പസഫിക്, ഇക്കണോമിക് കോ ഓപ്പറേഷന്‍(അപെക്‌)ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ലീ ജെ മ്യുഗുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.വ്യാഴാഴ്‌ച നടക്കുന്ന ഷി കൂടിക്കാഴ്‌ചയ്ക്കാണ് ലോകം കാത്തിരിക്കുന്നത്. ട്രംപിന്‍റെ ചുങ്കം മൂലമുണ്ടായ വാണിജ്യ യുദ്ധത്തിന് എന്ത് സംഭവിക്കുമെന്നാണ് ആകാംഷ. പ്രത്യേകിച്ച് റെയര്‍ എര്‍ത്ത് വിഷയത്തില്‍ഇതേ തുടര്‍ന്ന് കൂടിക്കാഴ്‌ച റദ്ദാക്കുമെന്നും ഇനിയും ഒരു നൂറ് ശതമാനം കൂടി അധിക നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ചര്‍ച്ചയുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയായിരുന്നു. ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മുമായും കൂടിക്കാഴ്‌ച ഉണ്ടായേക്കും. ദക്ഷിണ കൊറിയന്‍ പുനരേകീകരണ മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.ട്രംപിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് ഭരണകാലത്ത് ഡിമിലിട്ടറൈസ്‌ഡ് സോണില്‍ വച്ചാണ് ഇരുവരും അവസാനം കൂടിക്കാഴ്‌ച നടത്തിയത്.തങ്ങള്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന ആവശ്യം മാറ്റി വച്ചാല്‍ ട്രംപുമായി കൂടിക്കാഴ്‌ചയ്ക്ക് തയാറാണെന്നാണ് നേരത്തെ കിം അറിയിച്ചിരുന്നത്.