‘ഓപ്പറേഷൻ തണ്ടർ’ : 24 ദിവസത്തിൽ കേരളത്തിൽ എക്സൈസ് സംഘം രജിസ്റ്റർ ചെയ്തത് 20,669 കേസുകൾ!

തിരുവനന്തപുരം: കേരള എക്സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന ‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായുള്ള ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയുടെ വൻവിജയ വിവരങ്ങൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം. ലിജു . 2026 മെയ് 18 മുതൽ ജൂലൈ 11 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ സമാനതകളില്ലാത്ത എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് മന്ത്രി അറിയിച്ചു. മുമ്പ് സംസ്ഥാനം നേരിട്ട മയക്കുമരുന്ന് വ്യാപനമെന്ന ഭീതിദമായ സാഹചര്യത്തിന് ശാശ്വതമായ അറുതി വരുത്തുകയെന്ന നിശ്ചയദാർഢ്യത്തോടെയാണ് ജനകീയ ലഹരിവിരുദ്ധ കർമ പദ്ധതിക്ക് സർക്കാർ രൂപം നൽകിയതെന്നും, സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണ് വകുപ്പ് നടത്തിയതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി 24,131 റെയ്ഡുകളാണ് എക്സൈസ് സംഘം നടത്തിയത്. ഇതിലൂടെ ആകെ 20,669 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 1,983 മയക്കുമരുന്ന് (NDPS) കേസുകളും 3,444 അബ്കാരി കേസുകളും 15,242 കോട്പ (COTPA) കേസുകളുമാണ് ഉൾപ്പെടുന്നത്. കൃത്യമായ നിരീക്ഷണത്തിലൂടെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 1,868 പ്രതികളിൽ 1,793 പേരെയും, അബ്കാരി കേസുകളിൽ 3,208 പ്രതികളിൽ 2,823 പേരെയും എക്സൈസ് അറസ്റ്റ് ചെയ്തു. പരിശോധനകളിൽ 268.4 കിലോ കഞ്ചാവ്, 324 കഞ്ചാവ് ചെടികൾ, 292.3 ഗ്രാം ഹെറോയിൻ, 846.3 ഗ്രാം എം.ഡി.എം.എ (MDMA), 924.6 ഗ്രാം മെത്താംഫിറ്റമിൻ, 185 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് വിപണിയിൽ നിന്നും പിടിച്ചെടുത്തത്.മയക്കുമരുന്നുകൾക്ക് പുറമെ വൻതോതിൽ വ്യാജമദ്യ വേട്ടയും നടന്നു. 503 ലിറ്റർ ചാരായം, 9,135.6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം (IMFL), 756 ലിറ്റർ സ്പിരിറ്റ്, 24,925 ലിറ്റർ കോട (വാഷ്) എന്നിവയും എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ലഹരി കടത്തിനായി മാഫിയകൾ ഉപയോഗിച്ച 183 വാഹനങ്ങൾ (എൻ.ഡി.പി.എസ് കേസുകളിൽ 62, അബ്കാരി കേസുകളിൽ 121) എക്സൈസ് കസ്റ്റഡിയിലെടുത്തു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിതരണം പൂർണ്ണമായി തടയുന്നതിനായി 18,446 സ്കൂൾ പരിസരങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്. ഇതിന് പുറമെ 16,078 കള്ളുഷാപ്പുകൾ, 4,765 ബസ് സ്റ്റാൻഡുകൾ, 3,542 നഗരപ്രദേശങ്ങൾ, 1,412 റെയിൽവേ സ്റ്റേഷനുകൾ, 1,064 ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിലും മിന്നൽ പരിശോധനകൾ നടത്തി.
പൊതുസ്ഥലങ്ങളിലെ പുകവലിക്കും നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കുമെതിരെ എടുത്ത കോട്പ കേസുകളിൽനിന്ന് മാത്രം 30,45,702 രൂപ പിഴയായി ഈടാക്കാൻ എക്സൈസിന് സാധിച്ചു. വിവിധയിടങ്ങളിൽ നിന്നായി 8,415.7 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വരും ദിവസങ്ങളിലും തുടരുമെന്നും, പൊതുജനങ്ങൾക്ക് ലഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ എക്സൈസ് കൺട്രോൾ റൂം നമ്പറായ 9447178000 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.