'ഓപ്പറേഷൻ ടൈഗർ' വിജയം; ഉദ്ധവ് പക്ഷത്തെ ആറ് ശിവസേന എംപിമാർ ഏക്‌നാഥ് ശിന്ദേ പക്ഷത്തേക്ക്

മുംബൈ: ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്ക് വിരാമ മിട്ടുകൊണ്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ശി ന്ദേ . 'ഓപ്പറേഷൻ ടൈഗർ' എന്ന് വിശേഷിപ്പിച്ച രാഷ്ട്രീയ നീക്കം പൂർണ്ണ വിജയമെന്ന് ശിന്ദേ അവകാശപ്പെട്ടു. ഉദ്ധവ് പക്ഷത്തുനിന്നുള്ള ആറ് പാർലമെൻ്റ് അംഗങ്ങൾ തൻ്റെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നതായി ഇന്ന് മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ ഉദ്ധവ് ക്യാമ്പിന് കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് ഈ കൂട്ടത്തോടെയുള്ള കൂറുമാറ്റം.
ശിന്ദേ പക്ഷത്തേക്ക് മാറിയ പ്രമുഖർ
സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്‌മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വക്‌ചൗരെ, നാഗേഷ് പാട്ടീൽ-അഷ്‌ടിക്കർ, ഓംപ്രകാശ് രാജെ നിംബാൽക്കർ എന്നീ ആറ് പ്രമുഖ എംപിമാരാണ് ഉദ്ധവ് ക്യാമ്പ് വിട്ട് ശിന്ദേപക്ഷത്തേക്ക് എത്തിയത്. ബാലാസാഹേബ് താക്കറെയുടെയും ആനന്ദ് ദിഗെയുടെയും യഥാർത്ഥ ശിവസേനയിലേക്കാണ് ഈ ജനപ്രതിനിധികൾ വന്നിരിക്കുന്നതെന്നും, തങ്ങളുടെ മണ്ഡലങ്ങളുടെ വികസനം മുൻനിർത്തിയാണ് ഇവർ ഈ തീരുമാനമെടുത്തതെന്നും ഏകനാഥ് ശിന്ദേ പറഞ്ഞു. ധരാശിവ് എംപിയായ ഓംപ്രകാശ് രാജെ നിംബാൽക്കറുടെ പിതാവ് പവൻരാജെ നിംബാൽക്കറുടെ കൊലപാതകക്കേസിലെ പ്രതികളെ സിബിഐ കോടതി വെറുതെ വിട്ട പശ്ചാത്തലത്തിൽ ശിന്ദേയും ശിവസേനയും അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു എന്നതും ഈ മാറ്റത്തിന് പിന്നിലുണ്ട്.
'മഹായുതി'യിൽ ഏകനാഥ് ശിന്ദേക്ക് കരുത്ത് കൂടുന്നു
പുതിയ എംപിമാരുടെ വരവോടെ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ ഏറ്റവും കൂടുതൽ എംപിമാരുള്ള വലിയ കക്ഷിയായി ശിന്ദേ ശിവസേന മാറി. പാർലമെന്റിലും സംസ്ഥാനത്തും തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇതിലൂടെ അവർക്ക് സാധിച്ചിരിക്കയാണ് . 2022-ൽ ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രങ്ങൾ സംരക്ഷിക്കാനാണ് തങ്ങൾ കലാപം നയിച്ചതെന്നും ആ തീരുമാനം മഹാരാഷ്ട്രയിലെ ജനങ്ങൾ പൂർണ്ണമായി അംഗീകരിച്ചതായും ഏകനാഥ് ശിന്ദേ പറഞ്ഞു . അന്ന് വെറും 40 എംഎൽഎമാരുണ്ടായിരുന്ന പാർട്ടിക്ക് 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 60 എംഎൽഎമാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംപിമാരെല്ലാം ഇപ്പോൾ ഒരു വലിയ കുടുംബത്തിൻ്റെ ഭാഗമായി മാറിയെന്ന് ശിന്ദേ അവകാശപ്പെട്ടു. വരുംദിവസങ്ങളിൽ മണ്ഡലങ്ങളുടെ വികസനത്തിനായി ഡബിൾ എഞ്ചിൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും എംപിമാർ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ഷിൻഡെ ഉറപ്പുനൽകി. അതേസമയം, തങ്ങൾക്കെതിരെ കൂടുതൽ ശാപവാക്കുകൾ ചൊരിയുംതോറും ഉദ്ധവ് പക്ഷം കൂടുതൽ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്നും അവരുടെ തകർച്ച പൂർണ്ണമാകുമെന്നും ഏക്‌നാഥ് ശിന്ദേ പരിഹസിച്ചു.