. ‘ഓപ്പറേഷൻ തൂഫാൻ: പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രിയെ കാണും
എറണാകുളം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ‘തൂഫാൻ വാറിയർ’ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി നേരത്തെ സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചതിന് ശേഷമുള്ള വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പിടികൂടിയത്. ഈ ചുരുങ്ങിയ കാലയളവിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എറണാകുളത്ത് സ്കൂൾ ബസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 29 ഡ്രൈവർമാരെ കണ്ടെത്തുകയും ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലും കുട്ടികളെ ലക്ഷ്യമിട്ട് എത്തുന്ന രാസലഹരികളെക്കുറിച്ച് വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ അതിഥി തൊഴിലാളികളെയെല്ലാം മോശക്കാരായി കാണാനാകില്ലെന്നും എന്നാൽ എളുപ്പത്തിൽ പണമുണ്ടാക്കാൻ നോക്കുന്ന ചില മലയാളികളാണ് അവരെ ലഹരി ഇടപാടുകളിലേക്ക് ചാടിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ചടങ്ങിൽ ഫുട്ബോളിനോടുള്ള തന്റെ ഇഷ്ടം പങ്കുവെച്ച അദ്ദേഹം, മുൻപ് ബ്രസീൽ ഫാനായിരുന്ന താൻ ഇപ്പോൾ അർജന്റീന ഫാനായെന്നും യുവാക്കളുടെ യഥാർത്ഥ ലഹരി ഫുട്ബോൾ പോലെയുള്ള കായിക വിനോദങ്ങളായിരിക്കണമെന്നും ഓർമ്മിപ്പിച്ചു.