രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിൻ്റെ ആദരം

രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിൻ്റെ  ആദരം

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി ആഭ്യന്തര വകുപ്പ് വിജയകരമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന മാതൃകാപരമായ ദൗത്യത്തിന് നേതൃത്വം നൽകുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മുംബൈ മലയാളി സമൂഹത്തിനുവേണ്ടി ജോജോ തോമസ് അഭിനന്ദിച്ചു.മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഓൾ മുംബൈ മലയാളി അസോസിയേഷൻ (AMMA) പ്രസിഡന്റുമായ ജോജോ തോമസ് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലെത്തിയാണ് മുംബൈ മലയാളികളുടെ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ അറിയിച്ചത്. മന്ത്രിയെ പൊന്നാട അണിയിച്ച് അദ്ദേഹം ആദരവ് അർപ്പിച്ചു.

കൂടിക്കാഴ്ചയിൽ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രവാസി സമൂഹത്തിൻ്റെ പങ്കാളിത്തത്തെക്കുറിച്ചും ജോജോ തോമസ് മന്ത്രിയുമായി ചർച്ച നടത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് മുംബൈ മലയാളി സമൂഹത്തിൻ്റെ പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.പൂഞ്ഞാർ എം.എൽ.എ. എം.ജെ. സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള പ്രമുഖരും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു.