"5000ത്തിലധികം കുട്ടികളെ കാണാനില്ല; ഇസ്രായേൽ നടത്തുന്നത് വംശഹത്യ " : പലസ്തീൻ അംബാസഡർ

"5000ത്തിലധികം കുട്ടികളെ കാണാനില്ല; ഇസ്രായേൽ നടത്തുന്നത് വംശഹത്യ " : പലസ്തീൻ അംബാസഡർ

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികൾ നിയമപരമായി വംശഹത്യയാണെന്ന ഗുരുതര ആരോപണവുമായി ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേഷ്. ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മിഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് അംബാസഡറുടെ പ്രതികരണം. ഗാസയിലെ കുട്ടികളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നും ഇത് വംശഹത്യയുടെ വ്യക്തമായ തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഒരു യുദ്ധത്തെ വംശഹത്യയായി വിശേഷിപ്പിക്കാൻ അഞ്ച് പ്രധാന മാനദണ്ഡങ്ങളാണുള്ളത്. അവയിൽ മൂന്നെണ്ണം ഗാസയിലെ ഇസ്രയേൽ നടപടികളിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. അതിനാൽ തന്നെ യുഎൻ, ആംനസ്റ്റി ഇൻ്റർനാഷനൽ, ഇസ്രയേലിലെ മനുഷ്യാവകാശ സംഘടനകൾ എന്നിവ ഈ സംഭവങ്ങളെ വംശഹത്യയായി വിശേഷിപ്പിക്കുന്നു. ഈ ക്രൂരതയുടെ സത്യങ്ങളെ എതിർക്കുന്നത് ഇസ്രയേൽ നേതാക്കളും അമേരിക്കയും മാത്രമാണെന്ന് പലസ്തീൻ അംബാസഡർ വ്യക്തമാക്കി.

യുഎൻ പുറത്തിറക്കിയ അന്വേഷണ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ഗാസയിൽ ഇസ്രയേൽ സൈന്യം കുട്ടികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണെന്നും ഇത് വംശഹത്യാ ഉദ്ദേശ്യത്തിൻ്റെ സൂചനയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം തന്നെ ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയതായി കണ്ടെത്തിയിരുന്ന കമ്മിഷൻ പുതിയ റിപ്പോർട്ടിൽ കുട്ടികൾ നേരിടുന്ന ദുരന്തത്തെ പ്രത്യേകം എടുത്തുകാട്ടുന്നു.

5000ത്തിലധികം കുട്ടികളെ കാണാനില്ല

ഗാസയിലെ കുട്ടികളുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് പലസ്തീൻ അംബാസഡർ മുന്നറിയിപ്പ് നൽകി. 5000ത്തിലധികം കുട്ടികളുടെ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. അവർ കാണാതായവരോ കുടിയൊഴിപ്പിക്കപ്പെട്ടവരോ ആകാം. അവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഭയക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഗാസയിലെ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രസവ പ്രത്യുൽപാദന ആരോഗ്യ സേവനങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയതായി യുഎൻ റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇത്തരം ആക്രമണങ്ങൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദീർഘകാലത്തേക്ക് ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ശക്തമായ എതിർപ്പുമായി ഇസ്രയേൽ

യുഎൻ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇസ്രയേൽ ശക്തമായി തള്ളിക്കളഞ്ഞു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ടിനെ പ്രചാരണ രേഖ എന്നാണ് വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസഭയിലെ ഇസ്രയേൽ പ്രതിനിധി ഡാനി ഡാനോൺ, റിപ്പോർട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ തയാറാക്കിയതാണെന്ന് പ്രതികരിച്ചു.