പഹൽഗാം ഭീകരാക്രമണo: ലഷ്കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദിനെതിരെ NIA കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണക്കേസിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപകനും തലവനുമായ ഹാഫിസ് സയീദിനെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ലഷ്കറിന്റെ നിഴൽ സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ വഴിയാണ് ഹാഫിസ് സയീദ് ഈ ആക്രമണത്തിൻ്റെ ഗൂഢാലോചന നടത്തിയതെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു.
ജൂലൈ 6-ന് ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കേന്ദ്ര ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. 2025 ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം ഉണ്ടായത്. ഭീകരർ നടത്തിയ വെടിവെയ്പ്പിലും സ്ഫോടനത്തിലും 26 നിരപരാധികളായ ജനങ്ങളാണ് കൊല്ലപ്പെട്ടത്.കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായ പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് പാക് മണ്ണിലിരുന്ന് ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹാഫിസ് സയീദിന്റെ നേരിട്ടുള്ള പങ്ക് എൻ.ഐ.എ സ്ഥിരീകരിച്ചത്. കശ്മീരിൽ ഭീകരത നിലനിർത്താനും സാധാരണക്കാരെ ലക്ഷ്യമിട്ടും ഹാഫിസ് സയീദിന്റെ നിർദ്ദേശപ്രകാരം ടി.ആർ.എഫ് പ്രാദേശികമായി യുവാക്കളെ റിക്രൂട്ട് ചെയ്ത് ആക്രമണം നടത്തുകയായിരുന്നുവെന്ന് എൻ.ഐ.എ വക്താവ് അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഹാഫിസ് സയീദിനെതിരെ ഇന്ത്യ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ഈ പുതിയ കുറ്റപത്രം.