"പാകിസ്ഥാൻ ഭീകരതയുടെ ആഗോള പ്രഭവ കേന്ദ്രം": യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോർക്ക്: പാകിസ്ഥാനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് ഇന്ത്യ. ഐക്യരാഷട്ര സഭ സുരക്ഷാ കൗൺസിലിൻ്റെ നേതൃത്വത്തിൽ 'സമാധാന നേതൃത്വം' എന്ന വിഷയത്തിൽ നടന്ന തുറന്ന ചർച്ചയിലാണ് ഇന്ത്യയുടെ വിമർശനം. വർഷങ്ങളായുള്ള ജമ്മു കശ്‌മീർ തർക്കങ്ങൾ സംബന്ധിച്ച പാക് വാദങ്ങൾ അനാവശ്യമാണെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. ലഡാക്ക് ഉൾപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഭാഗമായാണ് നിലകൊള്ളുന്നത്. തുടർന്നും അങ്ങനെ തന്നെയായിരുക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.പാകിസ്ഥാൻ ഭീകരതയുടെ ആഗോള പ്രഭവ കേന്ദ്രമെന്ന് ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി ഹരീഷ് പർവ്വതാനേനി അഭിപ്രായപ്പെട്ടു. "ഭിന്നിപ്പിക്കുന്ന അജണ്ഡയാണ് പാകിസ്ഥാൻ പിന്തുടരുന്നത്. ഐക്യരാഷ്‌ട്ര സഭയിലെ സ്ഥിരം അംഗമായ പാകിസ്ഥാൻ അന്താരാഷ്‌ട്ര ഉത്തരവാദിത്വങ്ങളെ ദുർബലപ്പെടുത്തുകയാണ്. ഉത്തരവാദിത്വങ്ങളും കടമകളും പാകിസ്ഥാൻ നിറവേറ്റുമെന്ന് പ്രതീക്ഷിക്കാനുമാവില്ല.
ഇന്ത്യയേയും ജനങ്ങളെയും പാകിസ്ഥാൻ ദ്രോഹിക്കുന്നതിൻ്റെ തെളിവാണ് ഇന്നത്തെ തുറന്ന ചർച്ചയിൽ ജമ്മു കശ്‌മീർ വിഷയത്തിലെ പാക് പരാമർശം. 2025 ഏപ്രിലിൽ നടന്ന പഹൽഗാം ആക്രമണം പാകിസ്ഥാൻ ഭീകരവാദം വളർത്തുന്നതിൻ്റെ തെളിവാണ്," ഹരീഷ് പർവ്വതാനേനി പറഞ്ഞു.ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിലെ പാകിസ്ഥാൻ്റെ ദീർഘകാല ചരിത്രം ഹരീഷ് പർവ്വതാനേനി ഉയർത്തിക്കാട്ടി. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ നടപടിയെ കുറിച്ചും ഹരീഷ് പർവ്വതാനേനി വെളിപ്പെടുത്തി.
65 വർഷങ്ങൾ മുൻപാണ് ഇന്ത്യ സിന്ധു നദീജല കരാറിൽ ഒപ്പു വയ്ക്കുന്നത്. എന്നാൽ ഇന്ത്യയ്ക്ക് എതിരെ ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ അഴിച്ചു വിടുകയും യുദ്ധങ്ങൾ മെനയുകയും ചെയ്‌ത പാകിസ്ഥാൻ, കരാറിൻ്റെ ആത്മാവിനെ ലംഘിക്കുകയാണ് ചെയ്യുന്നതെന്നും ഹരീഷ് പർവ്വതാനേനി പ്രതികരിച്ചു. ആയതിനാൽ തന്നെ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ ഉൾപ്പെടെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാർ നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതായി ഹരീഷ് പർവ്വതാനേനി അറിയിച്ചു.
ആഭ്യന്തര രാഷ്‌ട്രീയ സാഹചര്യങ്ങളും വിമർശന മുനയിൽ
പാകിസ്ഥാനിൽ തുടർച്ചയായുണ്ടാകുന്ന ആഭ്യന്തര പ്രശ്‌നങ്ങളെയും ഇന്ത്യ വിമർശിച്ചു. ജനാധിപത്യ ഇച്‌ഛാശക്തിയെ പാകിസ്ഥാൻ അടിച്ചമർത്തുകയാണെന്ന് ഹരീഷ് പർവ്വതാനേനി അഭിപ്രായപ്പെട്ടു. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തുറുങ്കിലടയ്ക്കുക, ഭരണ കക്ഷിയെ നിരോധിക്കുക, ഭരണഘടനാ അട്ടിമറിയ്ക്ക് പദ്ധതിയിടുക തുടങ്ങിയ പാകിസ്ഥാനിലെ സംഭവ വികാസങ്ങളെ കുറിച്ചും ഹരീഷ് പർവ്വതാനേനി സംസാരിച്ചു.
80-ാമത് യുഎൻ ദിനത്തിൽ സംഘടിപ്പിച്ച ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിൽ സംവാദത്തിലും ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അനുസൃതമായാണ് ജമ്മു കശ്‌മീരിലെ ജനങ്ങൾ മൗലിക അവകാശങ്ങൾ വിനിയോഗിക്കുന്നതെന്നും ഇത് പാകിസ്ഥാന് പരിചയമല്ലാത്ത ആശയമാണെന്നും ഹരീഷ് പർവ്വതാനേനി അഭിപ്രായപ്പെട്ടിരുന്നു. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.