ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസ്‌താവന പക്ഷാപാതപരം , തിരുത്തണമെന്ന് പാക് മന്ത്രി അത്താവുള്ള തരാർ
ലഹോർ: പാക് ആക്രമണത്തിൽ മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസ്‌താവനയെ തള്ളി പാകിസ്ഥാൻ ഫെഡറൽ ഇൻഫർമേഷൻ മന്ത്രി അത്താവുള്ള തരാർ. സംഘടനയുടേത് പക്ഷാപാതപരമായ പ്രസ്‌താവനയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അഫ്‌ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ നടന്ന പാക് വ്യോമാക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഐസിസി പ്രതികരണവുമായി എത്തിയത്. ഐസിസിയോടൊപ്പം ബിസിസിഐയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ പാകിസ്ഥാനെ കുറിച്ച് പരാമർശിക്കാതെയാണ് ഇരു സംഘടനകളും അനുശോചനം രേഖപ്പെടുത്തിയത്.“പാകിസ്ഥാൻ്റെ ആക്രമണങ്ങളിൽ മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഐസിസിയുടെ പ്രസ്‌താവന ഞങ്ങൾ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നു,” അത്താവുള്ള തരാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.അഫ്‌ഗാനിസ്ഥാൻ ബോർഡിൻ്റെ അവകാശവാദങ്ങൾ സ്വതന്ത്രമായി പരിശോധിക്കാൻ ഐസിസി തയാറായില്ലെന്നും പാകിസ്ഥാനാണ് ആക്രമണത്തിന് കാരണമെന്നും അവകാശപ്പെട്ട് ഐസിസി പ്രസ്‌താവനയിറക്കിയെന്നും അത്താവുള്ള തരാർ കൂട്ടിച്ചേർത്തു. "പാകിസ്ഥാൻ വർഷങ്ങളായി ഭീകരതയുടെ ഇരയാണ്, ഐസിസി പുറത്തിറക്കിയ പ്രസ്‌താവന തിരുത്തണം", അത്തവുള്ള തരാർ ആവശ്യപ്പെട്ടു.ഐസിസി പുറത്തിറക്കിയ പ്രസ്‌താവനയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഐസിസി ചെയർമാൻ ജയ് ഷാ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിൽ അതേ വാക്കുകൾ ആവർത്തിച്ചു. അഫ്‌ഗാൻ ബോർഡും സമാനമായ വാക്കുകൾ ഉപയോഗിച്ചതും വിചിത്രമാണ്. യഥാർത്ഥ തെളിവുകളൊന്നും ഹാജരാക്കാതെയാണ് അഫ്‌ഗാനിസ്ഥാൻ ബോർഡ് പ്രസ്‌താവനകൾ നടത്തിയത്," തരാർ കൂട്ടിച്ചേർത്തു.റാഷിദ് ഖാൻ, ഗുൽബാദിൻ നായിബ് തുടങ്ങിയ നിരവധി അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ വ്യോമാക്രമണത്തെയും തുടർന്നുള്ള മരണങ്ങളെയും ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.ഏഷ്യാ കപ്പിലെ ഹസ്‌തദാനം നിഷേധിക്കൽ ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങളെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളോടുള്ള പക്ഷപാതപരമായ സമീപനമായി കണക്കാക്കാമെന്ന് തരാർ പറഞ്ഞു. ഇത് ഐസിസിയുടെ പക്ഷപാതമില്ലാത്ത സമീപനത്തെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതായും തരാർ പറഞ്ഞു. ഒരു അന്താരാഷ്ട്ര കായിക ഭരണസമിതി ഇത്തരത്തിലുള്ള ഒരു വിവാദപരമായ അവകാശവാദം പ്രോത്സാഹിപ്പിക്കരുതെന്നും തരാർ പറഞ്ഞു. ഐസിസി സ്വതന്ത്രമായി തുടരുകയും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വിവാദപരമായ പ്രസ്‌താവനകൾ നടത്തുന്നത് ഒഴിവാക്കുകയും വേണമെന്ന് തരാർ കൂട്ടിച്ചേർത്തു.
ഐസിസിയുടെ പോസ്റ്റ്
"വിവേകശൂന്യമായ അക്രമത്തിലൂടെ സ്വപ്‌നങ്ങൾ തകർന്നു. കബീർ ആഗ, സിബ്‌ഗത്തുള്ള, ഹാരൂൺ എന്നീ മൂന്ന് യുവ അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു. മികച്ച പ്രതിഭയുടെ നഷ്‌ടം അഫ്‌ഗാനിസ്ഥാന് മാത്രമല്ല, മുഴുവൻ ക്രിക്കറ്റ് ലോകത്തിനും ഒരു ദുരന്തമാണ്. അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോടും ഈ ഹൃദയഭേദകമായ നഷ്‌ടത്തിൽ ദുഃഖിക്കുന്ന എല്ലാവരോടും ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു", എന്നതായിരുന്നു ഐസിസിയുടെ പ്രതികരണം.

