പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ ചർച്ചയ്ക്കെടുക്കും. അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പാർലമെൻ്റിലേക്ക് മാർച്ച് നടത്താനുള്ള വിദ്യാർഥി സംഘടനകളുടെ തീരുമാനം സർക്കാരിന് കടുത്ത വെല്ലുവിളിയാകും.25 ദിവസം നീളുന്ന വർഷകാല സമ്മേളനത്തിൽ ആകെ 19 സിറ്റിങ്ങുകളാണുള്ളത്. സുപ്രധാനമായ പല നിയമനിർമാണങ്ങളും ഈ സമ്മേളനത്തിൽ ചർച്ച ചെയ്ത് പാസാക്കും. ലോക്‌സഭയിൽ ഇന്ന് സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ 2026 പരിഗണിക്കും. രാജ്യസഭയിൽ ദേശീയ ഗാനത്തോടുള്ള അനാദരവ് തടയൽ (ഭേദഗതി) ബിൽ 2026 ആണ് ചർച്ചയ്ക്കെടുക്കുക. ഇതിനുപുറമെ, ജനന മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, ആദായനികുതി (ഭേദഗതി) ബിൽ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ 2026 എന്നിവയും വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യും.സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ പാർലമെൻ്റ് മന്ദിരത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 40 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അൻപതിലധികം നേതാക്കൾ പങ്കെടുത്തു. പാർലമെൻ്റിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും പ്രധാന വിഷയങ്ങളിൽ ക്രിയാത്മകമായ ചർച്ചകളിൽ ഏർപ്പെടാനും എല്ലാ രാഷ്ട്രീയ പാർട്ടികളോടും പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു.

ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ അധ്യക്ഷതയിൽ ഇന്നലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗവും ചേർന്നു. സമ്മേളനത്തിൽ പരിഗണിക്കാൻ ഉദ്ദേശിക്കുന്ന നിയമനിർമാണങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും സർക്കാരിനെയും വിവിധ രാഷ്ട്രീയ പാർട്ടികളെയും പ്രതിനിധീകരിക്കുന്ന അംഗങ്ങൾ യോഗത്തിൽ ആശയവിനിമയം നടത്തി. ക്രിയാത്മകമായ ചർച്ചകൾ, അർഥവത്തായ പങ്കാളിത്തം, ഉയർന്ന പാർലമെൻ്ററി പാരമ്പര്യങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം എന്നിവ ഓം ബിർള ഊന്നിപ്പറഞ്ഞു.

ഇന്ന് പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ച്

ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇന്ന് പൊലീസ് വിലക്ക് ലംഘിച്ച് പാർലമെൻ്റിലേക്ക് മാർച്ച് നടത്തും. വിദ്യാർഥികളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയ ഗ്രൂപ്പുകളും ഉൾപ്പെടുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് മാർച്ച് നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. നിരാഹാര സമരം നടത്തിയിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ശനിയാഴ്ച പൊലീസ് നിർബന്ധപൂർവം ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് കോക്രോച്ച് പ്രസ്ഥാനം കൂടുതൽ ശക്തമായത്. വാങ്ചുക്ക് സമരം ചെയ്തിരുന്ന വേദിക്ക് ചുറ്റും വാരാന്ത്യത്തിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. പലരും വാങ്ചുക്കിൻ്റെ പോസ്റ്ററുകളും ഫോട്ടോകളും കൈയിലേന്തിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അറസ്റ്റ് ആവശ്യപ്പെട്ടത്.

പരീക്ഷാ പേപ്പർ ചോർച്ച ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചതിന് പിന്നാലെ മെയ് മാസത്തിൽ രൂപീകരിച്ച ഈ പ്രസ്ഥാനത്തിന് ദിവസങ്ങൾക്കകം ഇൻസ്റ്റാഗ്രാമിൽ 2.2 കോടി ഫോളോവേഴ്സിനെ ലഭിച്ചിരുന്നു. തുടക്കത്തിൽ ഓൺലൈനിലൂടെ വലിയ പിന്തുണ നേടിയ ഈ മുന്നേറ്റം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പാർലമെൻ്റ് സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിഷേധത്തിൽ നിരവധി രാഷ്ട്രീയ, കർഷക സംഘടനകളും പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആസൂത്രണം ചെയ്ത മാർച്ച് ഇന്ത്യയുടെ രണ്ടാമത്തെ സ്വാതന്ത്ര്യ സമരമാണെന്നും, ചോദ്യപേപ്പർ ചോർച്ച പോലുള്ള അനീതികളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും തൻ്റെ നിയമവിരുദ്ധമായ തടങ്കൽ പോലുള്ള ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയാണിതെന്നും 59കാരനായ വാങ്ചുക്ക് ഞായറാഴ്ച എക്സിൽ ഭാര്യ ഗീതാഞ്ജലി ആംഗ്മോ വഴി പങ്കുവച്ച സന്ദേശത്തിൽ വ്യക്തമാക്കി.

എന്നാൽ, മൂന്നാഴ്ചയിലേറെയായി പ്രതിഷേധക്കാർ ക്യാമ്പ് ചെയ്യുന്ന ജന്തർ മന്ദിർ ഒഴികെ ന്യൂഡൽഹി ജില്ലയിൽ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 20 മുതൽ പാർലമെൻ്റ് സമ്മേളനം ആരംഭിക്കുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷ, സംരക്ഷണം ലഭിക്കേണ്ടവരുടെ സുരക്ഷ, പ്രധാന സർക്കാർ സ്ഥാപനങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കാൻ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് എക്സിൽ വ്യക്തമാക്കി. അതേസമയം, മാർച്ച് മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു. മാർച്ച് ഉറപ്പായും നടക്കുമെന്നും ബാക്കി കാര്യങ്ങൾ തീരുമാനിച്ചുവരികയാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വക്താവ് പറഞ്ഞു.

ആരോഗ്യനില തൃപ്തികരം

ആരോഗ്യനില വഷളായിട്ടും സ്വയം ചികിത്സ തേടാത്തതിനാലാണ് വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതെന്നും അധികാരികൾക്ക് അതിനുള്ള അവകാശമുണ്ടെന്നും ഡൽഹി കോടതി വ്യക്തമാക്കി. വാങ്ചുക്കിൻ്റെ സമ്മതത്തോടെ മാത്രമാണ് ഡോക്ടർമാർ ദ്രാവക രൂപത്തിലുള്ള മരുന്നുകളും സപ്ലിമെൻ്റുകളും നൽകിയതെന്ന് ജഡ്ജി മിനി പുഷ്കർണ പറഞ്ഞു. അദ്ദേഹത്തിനെതിരെ യാതൊരുവിധ ബലപ്രയോഗവും നടത്തിയിട്ടില്ലെന്നും ശാരീരിക സ്വയംഭരണാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയായ മെദാന്തയിലേക്ക് മാറ്റാൻ ഭാര്യ ഗീതാഞ്ജലി ആംഗ്മോ അനുമതി തേടിയിരുന്നു. തങ്ങൾക്ക് താത്പര്യമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമുണ്ടെന്ന് അവരുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ, വാങ്ചുക്കിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഭാര്യക്കും അടുത്ത കുടുംബാംഗങ്ങൾക്കും അദ്ദേഹത്തെ കാണാൻ മുഴുവൻ സമയവും അനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സർക്കാർ ഈ ആവശ്യത്തെ എതിർത്തു.

ആശുപത്രിയിലെ കനത്ത പൊലീസ് സാന്നിധ്യം ചൂണ്ടിക്കാട്ടി, ഇത് വൈദ്യസഹായമല്ലെന്നും നിയമവിരുദ്ധമായ തടങ്കലാണെന്നും ആംഗ്മോ എക്സിൽ കുറിച്ചു. വാങ്ചുക്കിൻ്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും രക്തപരിശോധനാ ഫലങ്ങളിൽ നേരിയ വ്യതിയാനമുണ്ടെന്നും മുഴുവൻ സമയ നിരീക്ഷണം ആവശ്യമാണെന്നും സഫ്ദർജങ് ആശുപത്രി അധികൃതർ അറിയിച്ചു. ഉയർന്ന തൊഴിലില്ലായ്മ, നിരന്തരമായുള്ള ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ യുവത്വത്തിനിടയിലുള്ള നിരാശയാണ് കോക്രോച്ച് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലൂടെ പ്രതിഫലിക്കുന്നത്.