"ആളുകൾക്ക് ഞങ്ങളോട് അസൂയയാണ്, ഞങ്ങൾ എല്ലാ കാര്യങ്ങളിലും മിടുക്കരാണ്"

"ആളുകൾക്ക് ഞങ്ങളോട് അസൂയയാണ്, ഞങ്ങൾ എല്ലാ കാര്യങ്ങളിലും മിടുക്കരാണ്"

ഫിഫ ലോകകപ്പിൽ നിന്ന് അർജന്‍റീനയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന ഓൺലൈൻ ക്യാമ്പെയ്‌നുകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അർജന്‍റീന പ്രസിഡന്‍റ് ഹാവിയർ മിലെയ് രംഗത്ത്. ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെയാണ് അർജന്‍റീനൻ ടീമിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉയർന്നത്.അധികസമയത്തേക്ക് നീണ്ട ഫൈനൽ പോരാട്ടത്തിൽ ഫെരാൻ ടോറസിന്‍റെ ഗോളിലാണ് സ്പെയിൻ അർജന്‍റീനയെ തകർത്തത്. മത്സരത്തിലുടനീളം അച്ചടക്ക ലംഘനങ്ങൾ നടത്തിയ അർജന്‍റീനയ്ക്ക് നിശ്ചിത സമയത്ത് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടർന്ന് "അർജന്‍റീന ഔട്ട്" എന്ന പേരിൽ ആരംഭിച്ച ഓൺലൈൻ ഹർജിയിൽ 170 രാജ്യങ്ങളിൽ നിന്നായി 2.3 കോടിയിലധികം ആളുകളാണ് ഒപ്പുവെച്ചത്. അർജന്‍റീനയുടെ പെരുമാറ്റം ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും അതിനാൽ വരാനിരിക്കുന്ന ലോകകപ്പുകളിൽ നിന്ന് അവരെ വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.എന്നാൽ ഈ വിമർശനങ്ങൾക്കെതിരെ ഇൻസ്റ്റാഗ്രാമിലൂടെ പ്രസിഡന്‍റ് ഹാവിയർ മിലെയ് ശക്തമായി പ്രതികരിച്ചു. ദേശീയ ടീമിനെ പൂർണ്ണമായി പിന്തുണച്ച അദ്ദേഹം വിമർശകരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്‌തു.

"നിങ്ങൾക്ക് ശത്രുക്കളുണ്ടോ? എങ്കിൽ അതിനർത്ഥം നിങ്ങൾ എപ്പോഴോ എന്തിനോ വേണ്ടി നിലകൊണ്ടിട്ടുണ്ട് എന്നാണ്. ഞങ്ങൾ അർജന്‍റീനയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് മിലെയ് കുറിച്ചു. മറ്റൊരു പോസ്റ്റിൽ, "അർജന്‍റീനയുടെ പ്രശ്‌നം ഞങ്ങൾ എപ്പോഴും വേറിട്ടുനിൽക്കുന്നു എന്നതാണ്. ആളുകൾക്ക് ഞങ്ങളോട് അസൂയയാണ്, ഞങ്ങൾ എല്ലാ കാര്യങ്ങളിലും മിടുക്കരാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.