ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും വെനിസ്വേലയും : മോദി- ഡെൽസി റോഡ്രിഗസ് ചർച്ചനടന്നു

ന്യൂഡൽഹി: വ്യാപാര നിക്ഷേപ മേഖലകളിൽ ഇന്ത്യ-വെനസ്വേല പങ്കാളിത്തം ശക്തിപ്പെടുത്താൻ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനസ്വേല ആക്‌ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസും. ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് ഇരു നേതാക്കളും നിർണായക ചർച്ച നടത്തിയത്.ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചും വരും വർഷങ്ങളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിനെക്കുറിച്ചും ഇരു നേതാക്കളും വിശദമായ ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യ-വെനസ്വേല പങ്കാളിത്തം കൂടുതൽ വികസിപ്പിക്കാനും ആഴത്തിലാക്കാനും ഇരു നേതാക്കളും സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്ക പിടികൂടിയതിനുശേഷം റോഡ്രിഗസും മോദിയുമായി നടത്തുന്ന ആദ്യ ഫോൺ സംഭാഷണമാണ് ഇത്. ചർച്ച നടത്തിയ വിവരം നേതാക്കൾ എക്‌സിൽ കുറിച്ചു.
"ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി, എല്ലാ മേഖലകളിലും ഞങ്ങളുടെ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ സമ്മതിച്ചു. ഊർജ്ജം, കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ, ഫാർമസ്യൂട്ടിക്കൽ വ്യവസായം, ഖനനം, ഓട്ടോമോട്ടീവ് മേഖല, ടൂറിസം എന്നീ മേഖലകളിലെ തന്ത്രപരമായ സഹകരണത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്" - റോഡ്രിഗസ് എക്‌സിൽ കുറിച്ചു.രാജ്യത്തോടുള്ള പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചതിന് ഇന്ത്യൻ സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും റോഡ്രിഗസ് നന്ദി പറഞ്ഞു. വെനസ്വേലൻ ജനതയുടെ സമാധാനം, പരമാധികാരം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനുള്ള സന്നദ്ധത പ്രധാനമന്ത്രി മോദി കാണിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 2025-ൽ ട്രംപ് വെനസ്വേലയ്‌ക്ക് മേലുള്ള യുഎസ് ഉപരോധം ശക്തമാക്കുന്നതുവരെ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരിൽ ഒരാളായിരുന്നു വെനസ്വേല.ന്യൂയോർക്കിൽ വിചാരണ നേരിടാൻ യുഎസ് സൈന്യം മഡുറോയെ പിടികൂടി രണ്ട് ദിവസത്തിന് ശേഷം, ജനുവരി അഞ്ചിന് റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡൻ്റായി അധികാരമേൽക്കുകയായിരുന്നു. സൈനിക നടപടിയിലൂടെ നേതാവ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് ശേഷം, രാജ്യത്തിൻ്റെ തകർന്ന സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് വെനസ്വേല ഇപ്പോൾ.