പിഎം ശ്രീ : തുടർനടപടികൾ ആലോചിക്കാൻ മന്ത്രിസഭ ഉപസമിതി യോഗം ഇന്ന്

പിഎം ശ്രീ : തുടർനടപടികൾ ആലോചിക്കാൻ മന്ത്രിസഭ ഉപസമിതി യോഗം ഇന്ന്

തിരുവനന്തപുരം: പിഎംശ്രീ  പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് വൈകുന്നേരം നാലുമണിക്ക് ചേരും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും യോഗം നടക്കുക.

കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഈ ഉപസമിതിയെ രൂപീകരിച്ചത്. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് പുറമെ മന്ത്രിമാരായ എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ ബാധിക്കാത്ത രീതിയിൽ പിഎംശ്രീ പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്നതാണ് സമിതിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.കഴിഞ്ഞ സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ സംസ്ഥാനം ഈ കരാറിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, പദ്ധതിയിൽ ഉൾപ്പെടുന്ന സ്‌കൂളുകളുടെ തിരഞ്ഞെടുപ്പിലും കരിക്കുലം തീരുമാനിക്കുന്നതിലും കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകൾ പരമാവധി ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ സമഗ്രമായ പഠന റിപ്പോർട്ട് തയ്യാറാക്കിയ ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുന്ന രീതിയെക്കുറിച്ച് സർക്കാർ അന്തിമ തീരുമാനമെടുക്കുക.