നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും

നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകുന്നേരം  തിരുവനന്തപുരത്തെത്തും.രാഷ്‌ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പൊലീസ്‌ കർശന സുരക്ഷാ ക്രമീകരണങ്ങളാണ്  ഏർപ്പെടുത്തിയിരിക്കുന്നത്.നാളെ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന രാഷ്ട്രപതി 10.20ന് നിലയ്‌ക്കൽ ഹെലിപാഡിൽ എത്തും. റോഡുമാർഗം പമ്പയിലും തുടർന്ന് ശബരിമലയിലുമെത്തുന്ന രാഷ്ട്രപതി 11.55 മുതൽ 12.25 വരെ ശബരിമലയിലുണ്ടാകും. ശബരിമലയിലെ ഏകോപനച്ചുമതല എഡിജിപി എസ് ശ്രീജിത്തിനാണ്. വൈകിട്ട് 5.30ന് രാഷ്ട്രപതി രാജ്ഭവനിൽ മടങ്ങിയെത്തും.വ്യാഴാഴ്ച  രാവിലെ 10ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ അർധകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനംചെയ്യും. ഉച്ചയ്ക്ക് 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും ഉദ്ഘാടനംചെയ്യും. അതിനു ശേഷം രാത്രി കുമരകം താജ് റിസോർട്ടിൽ തങ്ങും.വെള്ളിയാഴ്ച (ഒക്ടോബർ 24) പകൽ 12.10ന് എറണാകുളം സെൻ്റ് തെരേസാസ് കോളജിൻ്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത ശേഷം 1.20ന് കൊച്ചി നേവൽ ബേസിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.