"സ്വകാര്യ മെഡിക്കൽ കോളേജ് ഫീസ് ,സർക്കാർ നിരക്കിലാക്കാനാവില്ല’: സുപ്രീം കോടതി

"സ്വകാര്യ മെഡിക്കൽ കോളേജ് ഫീസ് ,സർക്കാർ നിരക്കിലാക്കാനാവില്ല’: സുപ്രീം കോടതി

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ സർക്കാർ കോളേജുകൾക്ക് സമാനമായ നിരക്കിൽ ഫീസ് ഈടാക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ നിർബന്ധിക്കുന്നത് കോളേജുകൾ അടച്ചുപൂട്ടുന്നതിലേക്കും മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുന്നതിലേക്കും നയിക്കുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.സ്വകാര്യ മെഡിക്കൽ കോളേജുകൾ സ്വയം ധനസഹായത്തോടെ പ്രവർത്തിക്കുന്നവയാണെന്നും, സർക്കാർ കോളേജുകളിൽ ലഭിക്കുന്ന സബ്‌സിഡി ഇവർക്ക് ലഭിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ കോളേജുകളിൽ എല്ലാ ചിലവുകളും മാനേജ്‌മെന്റുകൾ തന്നെയാണ് വഹിക്കുന്നത്. അതിനാൽ സർക്കാർ കോളേജുകളിലെ ഫീസ് ഘടന തന്നെ അവിടെയും നടപ്പിലാക്കാൻ ആവശ്യപ്പെടാനാവില്ല, ജസ്റ്റിസ് നാഗരത്ന പറഞ്ഞു. സ്വകാര്യ കോളേജുകൾ കാപിറ്റേഷൻ ഫീ വാങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.രാജസ്ഥാനിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയാണ് കോടതിയെ സമീപിച്ചത്. പ്രതിവർഷം 19 ലക്ഷം രൂപ ഫീസായി നൽകേണ്ടി വരുന്നത് തന്റെ സാമ്പത്തിക സ്ഥിതിക്ക് അതീതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ, ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ തയ്യാറാകാത്ത സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു. പഠനം തുടരാൻ വിദ്യാർത്ഥിയോട് സ്‌കോളർഷിപ്പുകൾ പ്രയോജനപ്പെടുത്താനും കോടതി നിർദ്ദേശിച്ചു.മറ്റ് പല സംസ്ഥാനങ്ങളും സ്വകാര്യ കോളേജുകളിൽ ഇ.ഡബ്ല്യു.എസ് ക്വാട്ട നടപ്പിലാക്കുമ്പോൾ രാജസ്ഥാൻ സർക്കാർ അത് ചെയ്യുന്നില്ലെന്നും, ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും വിദ്യാർത്ഥിയുടെ അഭിഭാഷകൻ വാദിച്ചു