ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; വിധി നാളെ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് കേസിൽ വിധി പറയുക. കൊലപാതകം നടന്ന് ഒന്നര വർഷം പിന്നിടുമ്പോഴാണ് കേസിൽ വിധി വരുന്നത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന ആവശ്യം.പോത്തുണ്ടി ബോയൻ കോളനിയിലെ തിരുത്തൻപാടം സുധാകരൻ (50), അമ്മ ലക്ഷ്‌മി (75) എന്നിവരെ 2025 ജനുവരി 27ന് വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്. തൻ്റെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സുധാകരൻ്റെ കുടുംബമാണെന്നും, അവർ ചെയ്‌ത ദുർമന്ത്രവാദമാണ് തനിക്ക് വിനയായതെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിക്കെതിരെ ശക്തമായ ശാസ്‌ത്രീയ തെളിവുകൾ ഉള്ളതിനാൽ വധശിക്ഷ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ കേസിൽ ദൃക്സാക്ഷികൾ ഇല്ലെന്നും, പ്രതിക്ക് മാനസാന്തരപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം വധശിക്ഷയെ എതിർത്തു. ബിഹാർ, രാജസ്ഥാൻ ഹൈക്കോടതികളുടെ മുൻകാല വിധികൾ പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. അര മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിയത്. നാളെ പ്രതിയെ നേരിട്ട് ഹാജരാക്കില്ലെന്നും വീഡിയോ കോൺഫറൻസ് വഴിയാകും ഹാജരാക്കുകയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റിയ പ്രതിയെ, നാളത്തെ വിധിക്ക് ശേഷം വിയ്യൂർ ജയിലിലേക്ക് മാറ്റും.
സുധാകരൻ്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31ന് വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ സെപ്റ്റംബർ രണ്ടിന് ഇയാൾ പൊലീസിൻ്റെ പിടിയിലായി. സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ കേസിൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ചെന്താമര 2022ൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സുധാകരനെയും ലക്ഷ്‌മിയെയും കൊലപ്പെടുത്തിയത്.
പൊലീസിനെതിരെ വിമർശനം
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണ് ഇയാൾ പോത്തുണ്ടിയിൽ താമസിച്ചിരുന്നത്. പ്രതി നാട്ടിലെത്തിയ വിവരം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ജാമ്യത്തിലിറങ്ങിയ ഇയാൾ സുധാകരൻ്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഈ പരാതികൾ പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. പൊലീസിൻ്റെ ഈ അശ്രദ്ധയും കെടുകാര്യസ്ഥതയുമാണ് ഇരട്ടക്കൊലപാതകത്തിന് കാരണമായതെന്ന് സംഭവത്തിന് പിന്നാലെ വ്യാപക ആരോപണം ഉയർന്നിരുന്നു.
കുറ്റക്കാരനാണെന്ന് കോടതി
ഇരട്ടക്കൊലപാതക കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎൻഎസ് 103(1) പ്രകാരമുള്ള കൊലപാതകം, 126(2) പ്രകാരമുള്ള അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. വിധി കേൾക്കാൻ കോടതിയിൽ എത്തിയപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ തികച്ചും നിസംഗനായാണ് ചെന്താമര നിന്നത്. തനിക്ക് ഒന്നും പറയാനില്ലെന്നും വേണമെങ്കിൽ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നും പ്രതി കോടതിയോട് പറഞ്ഞു. താൻ ഗാന്ധിജിയല്ലെന്നും പ്രതി കോടതിയിൽ വിളിച്ചുപറഞ്ഞു. കോടതി വരാന്തയിലിരിക്കുമ്പോഴും പൊലീസുകാരോട് ഇയാൾ സാധാരണ നിലയിൽ സംസാരിക്കുന്നുണ്ടായിരുന്നു. ചെന്താമര പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയാണെന്നും അതിനാൽ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.