" പാർലിമെന്റ് മാർച്ചിൽ പങ്കെടുക്കുന്നത് വരെ ജീവിക്കണം": 20-ാം ദിനത്തിലും തളരാതെ സമരനായകൻ

" പാർലിമെന്റ് മാർച്ചിൽ പങ്കെടുക്കുന്നത് വരെ ജീവിക്കണം":  20-ാം ദിനത്തിലും തളരാതെ സമരനായകൻ

ന്യൂഡൽഹി: मैं किसी भी हालत में 20 July तक ज़िंदा रहूँगा ताकि मैं आप सब के साथ संसद तक मार्च कर सकूँ। और अगर 20 July को हमारा मार्च सफल नहीं रहा तो फिर मैं भूत बन कर वापस आऊँगा!"

എതുവിധേനയും  ജൂലൈ 20 പാർലമെൻ്റ് മാർച്ച് വരെ ഞാൻ ജീവിച്ചിരിക്കും. എന്നാലേ നിങ്ങളുടെകൂടെയെനിക്ക് പാർലിമെന്റ് മാർച്ചിൽ പങ്കെടുക്കാൻ പറ്റുകയുള്ളൂ. മാർച്ച് പരാജയപ്പെട്ടാൽ ഒരു പ്രേതമായി തിരിച്ചുവരും'', നിരാഹാര സമരം തുടരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് .പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളിൽ സർക്കാരിനെതിരെ ജന്തർ മന്തറിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 20-ാം ദിവസത്തിലേയ്‌ക്ക് കടക്കുമ്പോഴും നിലപാടിലുറച്ച് സമരവുമായി മുന്നോട്ട് പോവുകയാണ് സോനം വാങ്‌ചുക്ക്. നീണ്ട നിരാഹാരം ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുമ്പോഴും സമരമുഖത്ത് തുടരാൻ വാങ്‌ചുക്ക് തീരുമാനിച്ചിരിക്കുകയാണ്. ഇതിനോടകം സമരം അവസാനിപ്പിക്കാൻ ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും ഒരു ഇഞ്ച് പോലും പിന്നോട്ടില്ലെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.എന്നാൽ ജൂലൈ 20 ന് പാർലമെൻ്റിലേയ്‌ക്ക് നടത്തുന്ന മാർച്ചിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് വാങ്‌ചുക്ക് ജനങ്ങളോട് അഭ്യർഥിച്ചു. പ്രതിഷേധ സ്ഥലത്ത് സിജെപി പ്രവർത്തകരോട് സംസാരിച്ച വാങ്‌ചുക്ക് തൻ്റെ ശാരീരികാവസ്ഥ ദുർബലമാണെന്നും എന്നാൽ തൻ്റെ ദൃഢനിശ്ചയം അചഞ്ചലമായി തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു.

"പുറമേ നിന്ന് നോക്കുമ്പോൾ ഞാൻ ദുർബലനാണ്. പക്ഷേ ഉള്ളിൽ വളരെ ശക്തനാണ്. നിങ്ങളെല്ലാവരും അകത്തും പുറത്തും വളരെ ശക്തരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ജൂലൈ 20 ന് പാർലമെൻ്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമ്പോൾ നമുക്ക് ഈ ഊർജ്ജം ആവശ്യമാണ്. ജനാധിപത്യത്തിൻ്റെ ക്ഷേത്രത്തിൽ നമ്മൾ ഒരുമിച്ച് പോയി നമ്മുടെ അപേക്ഷ സമർപ്പിക്കും", എന്ന് വാങ്‌ചുക്ക് പറഞ്ഞു. എന്നിരുന്നാലും 'ജൂലൈ 20 വരെ ഞാൻ ജീവിച്ചിരിക്കും. വിജയിച്ചില്ലെങ്കിൽ ഞാൻ ഒരു പ്രേതമായി തിരിച്ചുവരും', എന്ന് അദ്ദേഹം ആവർത്തിച്ചു. പാർലമെൻ്റിൻ്റ് വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസമായ ജൂലൈ 20ന് സൻസദ് കെട്ടിടത്തിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്നാണ് സിജെപിയുടെ ആഹ്വാനം.

വാങ്‌ചുക്കിൻ്റെ നിരാഹാര സമരത്തിനെതിരെ പല തവണ ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നില ഗുരുതരാവസ്ഥയിലേയ്‌ക്ക് കടന്നിട്ടുണ്ടെന്നും അടുത്ത ഘട്ടത്തിൽ അത് ആശങ്കാജനകമായ ഒരു സാഹചര്യത്തിലേക്ക് നയിക്കുമെന്നും ഡോക്‌ടർമാർ പറഞ്ഞു. നിരാഹാരം തുടർന്നാൽ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചേക്കാം എന്നും ഓർമ്മപ്പെടുത്തി.

എന്നിരുന്നാലും നിരാഹാര സമരത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം വിസമ്മതിച്ചു. സർക്കാരിൽ നിന്ന് ഒരു പ്രതികരണവും ഇല്ലാതെ നിരാഹാര സമരത്തിൽ നിന്ന് പിന്മാറുന്നത് വളരെ തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പാർലമെൻ്റിലേയ്‌ക്ക് നടക്കുന്ന മാർച്ച് വിജയകരമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. അതേസമയം, വാങ്‌ചുക്കിൻ്റെ നിരാഹാര സമരം ഹൈക്കോടതിയിൽ പരിഗണിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആരോഗ്യം ദിവസവും നിരീക്ഷിക്കാനും ആരോഗ്യം വഷളായാൽ ആവശ്യാനുസരണം വൈദ്യസഹായം നൽകാനും കോടതി അധികൃതർക്ക് നിർദേശം നൽകി.

പരീക്ഷാ ക്രമക്കേടുകളിൽ ആത്മഹത്യ ചെയ്‌ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധം ആരംഭിച്ചത്.