ധാർവാഡ് കൊലപാതകം: കൊല്ലപ്പെട്ട ഡോക്റ്ററുടെ , ഡോക്റ്ററായ ഭാര്യയെ പോലീസ് അറസ്റ്റുചെയ്തു

ധാർവാഡ് കൊലപാതകം: കൊല്ലപ്പെട്ട ഡോക്റ്ററുടെ , ഡോക്റ്ററായ ഭാര്യയെ പോലീസ് അറസ്റ്റുചെയ്തു

ധാർവാഡ്: കർണാടകയിലെ ധാർവാഡിൽ അനസ്തെറ്റിസ്റ്റ് ഡോ. കിരൺ ഹൊന്നന്നവറെ (40) ഒന്നിലധികം തവണ കുത്തിക്കൊലപ്പെടുത്തിയ നിലയിലും എട്ട് വയസ്സുകാരനായ മകനെ ഗുരുതര പരിക്കുകളോടെയും കണ്ടെത്തിയ സംഭവത്തിൽ ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഫ്താൽമോളജിസ്റ്റായ പ്രിയങ്കയെ ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് കസ്റ്റഡി രേഖപ്പെടുത്തിയത്. കൊലപാതകം നടന്ന ഫ്ലാറ്റിൽ പൊലീസ് എത്തുമ്പോൾ ഭർത്താവിൻ്റെ യും മകൻ്റെയും ചോരയൊലിക്കുന്ന ശരീരങ്ങൾക്ക് സമീപം ഇരുന്ന് പ്രിയങ്ക ശാന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ടാണ് ധാർവാഡിലെ ആഡംബര അപ്പാർട്ട്മെന്റിൽ ക്രൂരമായ കൊലപാതകം പുറത്തറിയുന്നത്. ഡോ. കിരണിൻ്റെ ശരീരത്തിൽ എട്ടിൽക്കൂടുതൽ കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം. നെഞ്ചിൽ മൂന്നോ നാലോ തവണ കുത്തേറ്റ എട്ട് വയസ്സുകാരനായ മകൻ നിഹിത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗുരുതരമായി താഴ്ന്നതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ പ്രിയങ്കയെ കെ.എം.സി.ആർ.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹ രോഗിയല്ലാതിരുന്നിട്ടും ഇവർ സ്വയം ഇൻസുലിൻ കുത്തിവെച്ചതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് നിഗമനം. കിരൺ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ കിരണിൻ്റെ കൈകളിലുണ്ട്. ഫ്ലാറ്റിലേക്ക് മറ്റാരും അതിക്രമിച്ചു കയറിയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹുബ്ലി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ വ്യക്തമാക്കി. പത്ത് വർഷം മുൻപ് മാട്രിമോണിയൽ സൈറ്റ് വഴി വിവാഹിതരായ ഇവർ  മുൻപ് വിവാഹമോചനം നേടിയവരാണ്. മൂന്ന് ദിവസം മുൻപ് ഇവർ തമ്മിൽ വഴക്കുണ്ടായതായും പ്രിയങ്ക ഭർത്താവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.