പി.എസ്.സി പരീക്ഷാ ക്രമക്കേട്: ഐജി അജീത ബീഗത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഇന്നാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് ഐ.ജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും.അന്വേഷണത്തിന്റെ ആദ്യ ഘട്ടമായി വിവാദത്തിലായ പരീക്ഷകളുടെ വിശദമായ വിവരങ്ങളും ഫയലുകളും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് ഇന്ന് തന്നെ ഔദ്യോഗികമായി കത്ത് നൽകും. സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതരമായ ക്രമക്കേടുകളാണ് പ്രത്യേക സംഘം ആദ്യഘട്ടത്തിൽ പരിശോധിക്കുക.ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നേരത്തെ പി.എസ്.സി ആഭ്യന്തര വിജിലൻസിന് പരാതി നൽകിയിരുന്ന ഉദ്യോഗാർത്ഥികളുടെ വിശദമായ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. നിലവിൽ പി.എസ്.സിയുടെ സ്വന്തം ആഭ്യന്തര വിജിലൻസ് അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകുന്നുണ്ട്.