പിഎസ്‌സി പരീക്ഷാക്രമക്കേട് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
കൊല്ലം: കഴിഞ്ഞ പത്തുവർഷത്തെ പിഎസ്‌സി നിയമന ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ എംഎൽഎ. പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് ഗോപകുമാർ പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ ദിവസവും പിഎസ്‌സി നിയമന ക്രമക്കേടിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും കഴിഞ്ഞ 10 വർഷക്കാലം ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ വഞ്ചിച്ചുവെന്നും ഗോപകുമാർ പറഞ്ഞു. പിഎസ്‌സിക്ക് ചില പ്രത്യേക താത്‌പര്യങ്ങൾ ഉണ്ട്. പിഎസ്‌സി ഇപ്പോൾ പിണറായി സതീശൻ കമ്മിഷനാണ്. നിയമന ക്രമക്കേടിൽ ചെയർമാനെയും അംഗങ്ങളെയും മാറ്റി നിർത്തി സിബിഐ അന്വേഷണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഡൽഹിയിൽ സമരത്തിന് പോയ സിപിഎം, കോൺഗ്രസ് നേതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിലുള്ള പിഎസ്‌സി ഉദ്യോഗാർത്ഥികളോടൊപ്പം സമരം ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. റാങ്ക് ലിസ്‌റ്റിൽ വന്നിട്ടും ജോലി കിട്ടാതെ കേരളത്തിലും ഉദ്യോഗാർഥികൾ ആത്മഹത്യ ചെയ്‌തിട്ടുണ്ട്. അവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം കൊടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കത്തിക്കുത്ത് കേസിലെ പ്രതികളാണ് ക്രമക്കേട് നടത്തി പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ വരുന്നതെന്നും സമഗ്രമായ അന്വേഷണമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള എസ്‌ഐടിയുടെ അന്വേഷണം പിഎസ്‌സി ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുകയാണ്. ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷയുടെ മൂല്യനിർണയത്തിൽ 10 ചോദ്യങ്ങൾ ഒഴിവാക്കി
വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നാണ് സൂചന. ഒരു ലക്ഷത്തിലേറെ രൂപ ശബള തസ്‌തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ 10 ചോദ്യങ്ങൾ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.ഇക്കണോമിക്‌സ് വിഷയത്തിലുള്ള 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താന്‍ ആരെയും നിയോഗിക്കാതിരുന്നത് മനഃപൂര്‍വമാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.ഇത് കൂടാതെ കൂടുതൽ പരീക്ഷകൾ സംബന്ധിച്ചുള്ള പരാതികളും എസഐ്‌ടിക്ക് ലഭിച്ചിട്ടുണ്ട്. നേരത്തെ കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്‌റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്ന് പരാതി ഉയർന്നിരുന്നു. റാങ്ക് ലിസ്‌റ്റ് മറികടന്ന് നിയമനം നടത്തുന്നതിനെതിരെ കേസ് ഉണ്ടായിരിക്കെയാണ് ഹൈക്കോടതിയെ അറിയാക്കാതെ നിയമനം നടത്തിയെന്നാണ് പരാതിക്കാരൻ അന്വേഷണ സംഘത്തെ അറിയിച്ചത്.