പി.വി സിന്ധു മലേഷ്യ ഓപ്പൺ സൂപ്പർ 1000ല്‍ പ്രീ ക്വാർട്ടർ ഫൈനലിൽ കടന്നു

പി.വി സിന്ധു മലേഷ്യ ഓപ്പൺ സൂപ്പർ 1000ല്‍ പ്രീ ക്വാർട്ടർ ഫൈനലിൽ കടന്നു

 മലേഷ്യ:  ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരം പി.വി സിന്ധു മലേഷ്യ ഓപ്പൺ സൂപ്പർ 1000ല്‍ പ്രീ ക്വാർട്ടർ ഫൈനലിൽ കടന്നു. വനിതാ സിംഗിൾസ് ഓപ്പണിംഗ് റൗണ്ടിൽ ചൈനീസ്-തായ്‌പേയിയുടെ സുങ് ഷുവോ യുണിനെയാണ് താരം പരാജയപ്പെടുത്തിയത്. മത്സരത്തില്‍ പി.വി സിന്ധു, വെറും 51 മിനിറ്റിനുള്ളിൽ സുങ്ങിനെ 21-14, 22-20 എന്ന സ്കോറിനാണ് വീഴ്‌ത്തിയത്.

കളിയില്‍ പൂര്‍ണ ആധിപത്യം പുലർത്തിയ സിന്ധു തുടക്കത്തിൽ തന്നെ 6-2 ന് ലീഡ് നേടിയിരുന്നു. ആദ്യ ഗെയിമിൽ എതിരാളിയെ കീഴടക്കി. എന്നാല്‍ രണ്ടാം ഗെയിം കടുത്ത പോരാട്ടത്തിലേക്ക് നീങ്ങി, ഒരു ഘട്ടത്തിൽ 4-11 ന് പിന്നിലായിരുന്ന സിന്ധു ഒടുവിൽ 13-ന് സമനിലയിലെത്തി.എന്നാൽ 28 കാരിയായ സുങ് തുടർച്ചയായി മുന്നേറുകയും 17-14 എന്ന നിലയിൽ മൂന്ന് പോയിന്‍റ് ലീഡ് നേടുകയും ചെയ്‌തു. തുടർന്ന് ഇന്ത്യൻ താരം വീണ്ടും തന്‍റെ പോരാട്ടവീര്യം പ്രകടിപ്പിക്കുകയായിരുന്നു. പിന്നാലെ നിർണായകമായ അവസാന രണ്ട് പോയിന്‍റുകൾ സിന്ധു നേടി മത്സരം വിജയിച്ചു. ലോക ഒമ്പതാം നമ്പർ ജപ്പാന്‍റെ ടോമോക മിയാസാക്കിയെ സിന്ധു പ്രീ ക്വാർട്ടർ ഫൈനലിൽ നേരിടും.

കഴിഞ്ഞ സെപ്റ്റംബറിൽ ചൈന മാസ്റ്റേഴ്‌സിൽ പാരീസ് 2024 ഒളിമ്പിക് ചാമ്പ്യൻ ആൻ സെ യങ്ങിനോട് ക്വാർട്ടർ ഫൈനലിൽ തോറ്റതിന് ശേഷം പി.വി സിന്ധു ബിഡബ്ല്യുഎഫ് വേൾഡ് ടൂറിൽ ഇടം നേടിയിട്ടില്ല. 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്നാലെ സിന്ധു പിന്മാറി. കാലിനേറ്റ പരിക്ക് താരത്തിന്‍റെ ഫോമിനെ ബാധിക്കുകയായിരുന്നു. 2024 ഡിസംബറിൽ സയ്യിദ് മോദി ഇന്‍റര്‍നാഷണൽ സൂപ്പർ 300 ലാണ് താരം അവസാനമായി കിരീടം നേടിയത്.മറ്റു മത്സരങ്ങളില്‍ ലോക റാങ്കിംഗിൽ 17-ാം സ്ഥാനത്തുള്ള മിക്സഡ് ഡബിൾസ് ജോഡിയായ ധ്രുവ് കപിലയും തനിഷ ക്രാസ്റ്റോയും 32-ാം റൗണ്ടിൽ അമേരിക്കൻ ജോഡികളായ പ്രെസ്ലി സ്മിത്ത്-ജെന്നി ഗായി സഖ്യത്തോട് 56 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 15-21, 21-18, 15-21 എന്ന സ്കോറിന് പരാജയപ്പെട്ടു. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡിയും തങ്ങളുടെ ആദ്യ റൗണ്ട് മത്സരത്തിൽ ചൈനീസ്-തായ്‌പേയ് ജോഡികളായ യാങ് പോ-ഹുസുവാൻ-ലീ ജെ-ഹുവെ സഖ്യത്തെ നേരിടും. വനിതാ സിംഗിൾസ് ചലഞ്ചിൽ മാളവിക ബൻസോദും ഉന്നതി ഹൂഡയും പങ്കെടുക്കും.

മലേഷ്യ ഓപ്പൺ 2026 ഇന്ത്യൻ ടീം

പുരുഷ സിംഗിൾസ്: ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി

പുരുഷ ഡബിൾസ് : സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി/ചിരാഗ് ഷെട്ടി,എംആർ അർജുൻ/ഹരിഹരൻ അംസകരുണൻ

വനിതാ സിംഗിൾസ് : പിവി സിന്ധു, മാളവിക ബൻസോദ്, ഉന്നതി ഹൂഡ

വനിതാ ഡബിൾസ് : ട്രീസ ജോളി/ഗായത്രി ഗോപിചന്ദ്, രുതപർണ പാണ്ഡ/ശ്വേതപർണ പാണ്ഡ

മിക്‌സഡ് ഡബിൾസ് : ധ്രുവ് കപില/തനിഷ ക്രാസ്റ്റോ, രോഹൻ കപൂർ/റുത്വിക ശിവാനി ഗദ്ദെ, അഷിത് സൂര്യ/അമൃത പ്രമുതേഷ്