രഹേജ കോംപ്ലക്‌സിലെ തീപിടുത്തം : മരണപ്പെട്ടവരിൽ മലയാളി കുടുംബവും

നവിമുംബൈ: : വാശി സെക്ടർ 14, എംജി കോംപ്ലക്സിലുള്ള രഹേജ റെസിഡെൻസിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മലയാളി കുടുംബവും . ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് അംഗവും തുർഭേ പൂജ ടയർ ഉടമയുമായ രാജൻ്റെ മകൾ പൂജ (39), ഭർത്താവ് സുന്ദർ രാമകൃഷ്ണൻ (44), മകൾ വേദിക അയ്യർ(6) എന്നിവരാണ് മരിച്ച മലയാളികൾ. ഇവരുടെ ഭൗതിക ദേഹം വാശി മുനിസിപ്പൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .കമല ഹിരാലാൽ ജെയിൻ (84 )ആണ് മരണപ്പെട്ട മറ്റൊരാൾ . 10-ാം നിലയിൽ ഇന്ന് പുലർച്ചെ 12.40 ന് ആരംഭിച്ച തീപിടുത്തം 11, 12 നിലകളിലേക്ക് പടരുകയായിരുന്നു.നിലവിൽ അഗ്നിശമന ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട് . തീപിടുത്തത്തിൽ പരിക്കേറ്റവരെ ഫോർട്ടിസ് ഹിരാനന്ദാനി, എംജിഎം ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1106-ാം നമ്പർ ഫ്‌ളാറ്റിലെ മനബേന്ദ്ര (69), മാലിക (58), റിതിക ഘോഷ് (39), 1005-ാം നമ്പർ ഫ്‌ളാറ്റിൽ താമസിക്കുന്ന ഭാവന (49), മഹാവീർ (51), കൃഷ് ജെയിൻ (21), ഗോവിന്ദ് കോംപ്ലക്സിൽ നിന്നുള്ള നിർമ്മൽ (53), മെഹുൽ ജെയിൻ (32), 1105-ാം നമ്പർ ഫ്‌ളാറ്റിലെ ദമയന്തി അഗർവാൾ (80), സുമന്തി ജോൺ ടോപ്‌നോ (18) എന്നിവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.മണിക്കൂറുകളോളം നീണ്ട തീ അണയ്ക്കലിന് ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഷോർട്ട് സർക്ക്യൂട്ടുകാരണം എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്.