നന്ദേഡ് – മുംബൈ, തനക്പൂർ – നന്ദേഡ് എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

നന്ദേഡ് – മുംബൈ, തനക്പൂർ – നന്ദേഡ് എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഭുവനേശ്വർ:  നന്ദേഡ് – മുംബൈ, തനക്പൂർ – നന്ദേഡ് എന്നീ രണ്ട് പുതിയ എക്സ്പ്രസ് ട്രെയിനുകൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. ഇതിനുപുറമെ നിലവിലുള്ള തനക്പൂർ – പിലിഭിത് ട്രെയിൻ സർവീസ് ഷാജഹാൻപൂർ വരെ നീട്ടുന്നതിൻ്റെ  ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലുള്ള റയിൽ സദനിൽ വെച്ച് വീഡിയോ കോൺഫറൻസിങ് വഴിയാണ് മന്ത്രി ഈ പുതിയ സർവീസുകൾക്ക് പച്ചക്കൊടി വീശിയത്.പുരിയിൽ നടക്കാനിരിക്കുന്ന വിഖ്യാതമായ ജഗന്നാഥ രഥയാത്രയുടെ റെയിൽവേ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും, ഒഡീഷയിൽ നിന്നുള്ള മറ്റ് രണ്ട് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനുമായി സംസ്ഥാനത്ത് എത്തിയതായിരുന്നു മന്ത്രി.

പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചതോടെ വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള റെയിൽ ബന്ധം കൂടുതൽ ശക്തമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ റൂട്ടുകൾ നിലവിൽ വന്നതോടെ ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും തെരായ് മേഖലയിലുള്ള യാത്രക്കാർക്ക്, പ്രത്യേകിച്ച് സിഖ് സമുദായത്തിൽപ്പെട്ട തീർത്ഥാടകർക്ക് നന്ദേഡിലേക്ക് ഇനി അതിവേഗം എത്തിച്ചേരാൻ സാധിക്കുമെന്നും ഇത് യാത്രാദുരിതത്തിന് വലിയ പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.