ചമ്പത് റായിയുടെ രാജി രാമജന്മഭൂമിതീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗീകരിച്ചു

ലഖ്‌നൗ: ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുമുള്ള ചമ്പത് റായിയുടെ രാജി, രാമജന്മഭൂമിതീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗീകരിച്ചു. ഇന്ന് അയോധ്യ ക്ഷേത്ര സമുച്ചയത്തിൽ ചേർന്ന ട്രസ്റ്റിൻ്റെ അടിയന്തര യോഗത്തിൽ ചമ്പത് റായിക്ക് പകരം ബജ്‌റംഗ് ബാഗ്രയെ പുതിയ ജനറൽ സെക്രട്ടറിയായി നിയമിക്കും.
കാണിക്ക മോഷണക്കേസിൽ കഴിഞ്ഞ മാസം ചമ്പത് റായിയുടെ ഡ്രൈവർ രാമശങ്കർ യാദവ് ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജൂൺ 26-നാണ് ചമ്പത് റായ് രാജി സമർപ്പിച്ചത്. ചമ്പത് റായിക്ക് പുറമെ ട്രസ്റ്റിമാരിൽ ഒരാളായ ഡോ. അനിൽ മിശ്രയും സ്ഥാനം രാജിവെച്ചിട്ടുണ്ട്. കേസിൽ ഇരുവരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർക്കെതിരെ ഇതുവരെ ക്രിമിനൽ കേസുകളോ എഫ്.ഐ.ആറോ രജിസ്റ്റർ ചെയ്തിട്ടില്ല.ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിൻ്റെ അധ്യക്ഷതയിലും ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരിയുടെ മേൽനോട്ടത്തിലും ചേർന്ന യോഗം 2020-ൽ ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും നിർണ്ണായകമായ ഒന്നായിരുന്നു. രാജി സമർപ്പിച്ച ചമ്പത് റായ് ക്ഷേത്ര സമുച്ചയത്തിൽ ഉണ്ടായിരുന്നെങ്കിലും യോഗത്തിൽ പങ്കെടുത്തില്ല. മുതിർന്ന ട്രസ്റ്റിമാർ, സർക്കാർ പ്രതിനിധികൾ, നിയമവിദഗ്ദ്ധർ എന്നിവർ പങ്കെടുത്ത യോഗത്തിൽ നിലവിലെ എസ്.ഐ.ടി അന്വേഷണത്തിൻ്റെ പുരോഗതി വിലയിരുത്തി. ക്ഷേത്രത്തിന്റെ ഭാവി മാനേജ്‌മെന്റ് സുതാര്യമാക്കുന്നതിനായി ഒരു സി.ഇ.ഒ യെ നിയമിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു.