രഞ്ജി ട്രോഫി ക്രിക്കറ്റ് : തകർപ്പൻ പ്രകടനത്തോടെ കേരളത്തിൻ്റെ തുടക്കം

തിരുവനന്തപുരം:  രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്‌ക്കെതിരേ കേരളത്തിന് മികച്ച  തുടക്കം. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രക്ക് ആദ്യ രണ്ടോവറിനുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി.കാര്യവട്ടം സ്റ്റേഡിയത്ത് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം മഹാരാഷ്‌ടയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കളി തുടങ്ങിയ ഉടനെ റൺസ് കൂട്ടിചേർക്കും മുമ്പ് മൂന്ന് ബാറ്റർമാരാണ് പവലിയനിലേക്ക് മടങ്ങിയത്. എം.ഡി. നിധീഷിന്‍റെ ആദ്യ ഓവറിൽ പൃഥ്വി ഷാ, സിദ്ധേഷ് വീർ എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.പൃഥ്വി ഷാ എൽബിഡബ്ല്യു ആയി മടങ്ങിയതിന്‍റെ തൊട്ടടുത്ത പന്തിൽ വീറിനെ അസ്ഹറുദ്ദീൻ ക്യാച്ചെടുത്തു പുറത്താക്കി. രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കു വേണ്ടി പൃഥ്വി ഷായുടെ അരങ്ങേറ്റ മത്സരമായിരുന്നു. രണ്ടാം ഓവറില്‍ ബേസിലിന്‍റെ ആദ്യ പന്തിൽ അർഷിൻ കുൽക്കർണിയും ഗോൾഡൻ ഡക്കായി. ക്യാപ്റ്റൻ അങ്കിത് ഭാവ്‍നെ (പൂജ്യം), സൗരഭ് നവാലെ (23 പന്തിൽ 12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നിധീഷ് മൂന്നും ബേസില്‍ രണ്ടുവിക്കറ്റും വീഴ്‌ത്തി. മത്സരം 25 ഓവറുകൾ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര. ഋതുരാജ്‌ ഗെയ്ക് വാദും ജലജ്‌ സക്‌സേനയുമാണ് ക്രീസിലുള്ളത്. സൂപ്പർ താരം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ കേരളത്തിനായി കളിക്കുന്നുണ്ട്.രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളത്തിൻ്റെ സ്ഥാനം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവയാണ്‌ മറ്റ് ടീമുകൾ. മികച്ച പ്രകടനവുമായി ടീമിൻ്റെ ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ കഴിഞ്ഞ തവണത്തെ താരങ്ങൾ ഭൂരിഭാഗം പേരും ഇത്തവണയും ടീമിനൊപ്പമുണ്ട്.

കേരളം പ്ലേയിങ് ഇലവൻ: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, ബാബ അപരാജിത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം.

മഹാരാഷ്ട്ര പ്ലേയിങ് ഇലവൻ: അങ്കിത് ഭാവ്‍നെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അർഷിന്‍ കുൽക്കർണി, സിദ്ധേഷ് വീർ, ഋതുരാജ് ഗെയ്ക്‌വാദ്, സൗരഭ് നവാലെ, ജലജ് സക്സേന, വിക്കി ഒസ്‌‍വാൾ, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രജനീസ് ഗുർബാനി.

ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്ത രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. ആകെയുള്ള ഏഴ് മത്സരങ്ങളിൽ നാലെണ്ണം കേരളത്തിലാണ് നടക്കുക. പഞ്ചാബ്, മധ്യപ്രദേശേ്, ഗോവ എന്നീ ടീമുകളുമായാണ് കേരളത്തിൻ്റെ എവേ മത്സരങ്ങൾ.