കനത്ത മഴയെത്തുടർന്ന് രത്നഗിരി റെയിൽവേ സ്റ്റേഷൻ്റെ മേൽക്കൂര തകർന്നു

കനത്ത മഴയെത്തുടർന്ന് രത്നഗിരി റെയിൽവേ സ്റ്റേഷൻ്റെ  മേൽക്കൂര തകർന്നു

 രത്നഗിരി : സംസ്ഥാനത്ത്  തുടരുന്ന അതിശക്തമായ മഴയ്ക്കിടയിൽ രത്നഗിരി റെയിൽവേ സ്റ്റേഷൻ്റെ  മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സ്റ്റേഷൻ്റെ  പുറംഭാഗത്തുള്ള മേൽക്കൂരയുടെ 50 അടിയോളം വരുന്ന ഭാഗമാണ് തകർന്നു വീണത്.കനത്ത മഴയെത്തുടർന്ന്  റെയിൽവേ യാത്രക്കാരുടെ  സാന്നിധ്യം കുറവായിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.  ആർക്കും പരിക്കേറ്റിട്ടില്ല.രണ്ട് വർഷം മുൻപ് മാത്രം പൊതുമരാമത്ത് വകുപ്പ് ഏജൻസിയെക്കൊണ്ട് നവീകരിച്ച സ്റ്റേഷനിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. ഇതോടെ നിർമ്മാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയും സംബന്ധിച്ച ആരോപണങ്ങൾ ശക്തമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ മേൽക്കൂരയിൽ ചോർച്ചയുണ്ടായപ്പോൾ തന്നെ പൊതുജനങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

കനത്ത മഴയെത്തുടർന്ന് മുംബൈ, കൊങ്കൺ മേഖല, സെൻട്രൽ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളിലെ പലഭാഗങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തിൻ്റെ  വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും പ്രകൃതിക്ഷോഭങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളെയും മണ്ണിടിച്ചിലിനെത്തുടർന്ന് മുംബൈ-പുണെ, മുംബൈ-ഗോവ ദേശീയപാതകളെയും മഴ സാരമായി ബാധിച്ചു. കഴിഞ്ഞ മൂന്ന്-നാല് ദിവസത്തിനുള്ളിൽ മഴക്കെടുതികളിൽ സംസ്ഥാനത്ത് 13 പേർ മരിച്ചതായാണ് റിപ്പോർട്ട്.

https://www.worldm.news/maharashtra/pune-nashik-national-highway--32127

https://www.worldm.news/mumbai/two-youths-drowned-in-navi--32128