നവി മുംബൈയിൽ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നതിനിടെ, നവി മുംബൈയിലെ പൻവേലിന് സമീപമുള്ള ഗഡേശ്വർ ഡാം കോംപ്ലക്സിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മാതേരാൻ മലനിരകളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് ഡാമിലെ ജലനിരപ്പും ഒഴുക്കും അസാധാരണമായി വർദ്ധിച്ചതാണ് അപകടകാരണം. മരക്കൊമ്പ് ഉപയോഗിച്ച് ഇവരെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.അപകടത്തിൽപ്പെട്ട യുവാക്കൾ ഒഴുക്കിനെ അവഗണിച്ച് നീന്താൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കനത്ത മഴയിൽ ഡാമുകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് അപകടകരമാണെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ തുടരുകയാണ്. ഇതിനുപുറമെ, താനെയിലെ വാഗ്ലെ എസ്റ്റേറ്റിൽ മരക്കൊമ്പ് വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുംബൈയിലും പരിസരപ്രദേശങ്ങളിലും മഴക്കെടുതികൾ രൂക്ഷമായി തുടരുകയാണ്. മുംബൈ, താനെ, റായ്ഗഡ് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ‘റെഡ് അലേർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ബിഎംസി ജാഗ്രതാ നിർദ്ദേശം നൽകി. കനത്ത മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഭരണകൂടം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.worldm.news/maharashtra/pune-nashik-national-highway--32127