വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ നടക്കുന്നില്ല ; എന്‍ഒസിക്കായി ഉടമകളുടെ നെട്ടോട്ടം

വാഹനങ്ങളുടെ  റീ രജിസ്‌ട്രേഷന്‍ നടക്കുന്നില്ല ; എന്‍ഒസിക്കായി ഉടമകളുടെ നെട്ടോട്ടം

ബെംഗളൂരു:കർണാടകയിൽ വാഹനങ്ങൾ വിറ്റഴിച്ച ഉടമകൾ കഴിഞ്ഞ മൂന്ന് മാസമായി വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ഇപ്പോഴും നെട്ടോട്ടമോടുകയാണ്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ആവശ്യമായ നിയമപരമായ രേഖയായ എൻ‌ഒസി (നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) ഗതാഗത വകുപ്പ് നൽകുന്നില്ല എന്നതാണ് ഇതിന് കാരണം.

എന്നാലിത് കർണാടകയിലെ മാത്രം വാഹന ഉടമകളെ ബാധിക്കുന്ന പ്രശ്‌നമല്ല. കർണാടകയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കൊണ്ടുപോകുന്ന വാഹനങ്ങളെയും ഇത് ബാധിക്കുന്നു. കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേയ്‌ക്ക് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പുതുക്കിയ റീ രജിസ്ട്രേഷന്‍ കാലതാമസം വരുമ്പോൾ പഴയ വ്യക്തിയുടെ ഉടമസ്ഥതയിൽ തന്നെ ആയിരിക്കും വാഹനം.

എന്താണ് നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്: 

ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം മാറ്റുമ്പോൾ എൻ‌ഒസി ആവശ്യമായി വരുന്നു. വാഹനത്തിന് കുടിശ്ശികയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് തെളിയിക്കാൻ വാഹന എൻ‌ഒ‌സി ഉപയോഗിക്കുന്നു. വാഹനങ്ങൾ വിൽക്കുന്ന സമയത്ത് അധികാര പരിധിയിലുള്ള ആർ‌ടി‌ഒ (റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസുകൾ) നൽകുന്ന ഒരു നിയമപരമായ രേഖയാണിത്.

ഒരു വാഹനത്തിന് കുടിശ്ശികയോ, ചലാനുകളോ, മറ്റ് ബാധ്യതകളോ ഇല്ലെന്ന് എൻ‌ഒ‌സി സാക്ഷ്യപ്പെടുത്തുന്നു. ഇത് വാഹനത്തിൻ്റെ ഉടമസ്ഥാവകാശ കൈമാറ്റവും പുതിയ ആർ‌ടി‌ഒയിൽ റീ രജിസ്ട്രേഷനും വഴിയൊരുക്കുന്നു. ഉദാഹരണത്തിന് ഒരാൾ ബെംഗളൂരുവിലെ ആർ‌ടി‌ഒകളിലൊന്നിൽ നിന്ന് ഒരു വാഹനം വാങ്ങുകയും തുമകൂരുവിലെ ഒരു ആർ‌ടി‌ഒ ഓഫിസിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അയാൾക്ക് ബെംഗളൂരുവിലെ ആർ‌ടി‌ഒ ഓഫിസിൽ നിന്ന് എൻ‌ഒസി നേടേണ്ടതുണ്ട്.

എൻ‌ഒ‌സികൾ ലഭ്യമാകാതെ പുതിയ ഉടമ വാഹനം വിൽക്കുകയും ഡ്രൈവ് ചെയ്യുകയോ ചെയ്യുന്നത് നല്ലതല്ല. കാരണം ഇക്കാലയളവിൽ വാഹനവുമായി ബന്ധപ്പെട്ട ഏതെങ്കിലും അപകടങ്ങൾക്കോ ​​നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ ​​യഥാർഥ ഉടമകൾ ബാധ്യസ്ഥരായിരിക്കുമെന്നതിനാൽ ഇത് ഉടമകൾക്ക് വലിയ അപകട സാധ്യത സൃഷ്‌ടിക്കുന്നു.

നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ച് വാഹന ഉടമകൾ:

 "ഗണേശോത്സവത്തിന് തൊട്ടുമുമ്പ് ഞാൻ എൻ്റെ വാഹനം ഒരാൾക്ക് വിറ്റു. ഇതുവരെ ഉടമസ്ഥാവകാശം മാറ്റി കിട്ടിയിട്ടില്ല. എൻ്റെ വാഹനം അപകടത്തിൽപ്പെടുകയോ കഴിഞ്ഞ ദിവസം നടന്ന ഡൽഹി സ്ഫോടനം പോലുള്ള എതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്‌താൽ ആരാണ് ഉത്തരവാദി? സർക്കാർ ഈ പ്രശ്‌നം മുൻഗണനാ ക്രമത്തിൽ പരിഹരിക്കുകയും കാലതാമസമില്ലാതെ എൻ‌ഒസികൾ നൽകാൻ തുടങ്ങുകയും വേണം" എന്ന് ഫ്രീലാൻസ് റൈറ്ററായ ആനന്ദ് ഹുഡെൻഗഞ്ചെ പറയുന്നു.

ഹുബ്ബള്ളിയിൽ തൻ്റെ പഴയ കാർ വിൽക്കുന്നതിനിടയിൽ ആനന്ദ് ബെംഗളൂരുവിൽ നിന്ന് ഒരു പഴയ കാർ വാങ്ങി. ഇതുവരെ, നിരവധി അന്വേഷണങ്ങളും ബന്ധപ്പെട്ട ആർ‌ടി‌ഒമാരെ സന്ദർശിച്ചിട്ടും രണ്ട് കാറുകളുടെയും ഉടമസ്ഥാവകാശം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു."ഞാൻ പരിശോധിക്കുമ്പോഴെല്ലാം പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ടാണ് എൻ‌ഒസി നൽകുന്നത് വൈകുന്നത് എന്നാണ് അവരുടെ വാദം. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ അവർക്ക് മൂന്ന് മാസം സമയം വേണോ? എൻ‌ഒസി നൽകുന്ന സംവിധാനം സർക്കാർ നിർത്തലാക്കാൻ ആലോചിക്കുന്നുണ്ടെന്നും പറയപ്പടുന്നു. എന്തായാലും വാഹന ഉടമകളെ കൂടുതൽ പ്രയാസത്തിലാക്കാതെ എത്രയും വേഗം അത് ചെയ്യട്ടെയെന്നും" ആനന്ദ് കൂട്ടിച്ചേർത്തു.

എൻഒസി മുടങ്ങി സാമ്പത്തിക ബാധ്യത കൂടി: വ്യക്തിഗത ഉടമകൾക്ക് പുറമെ, വാഹന വ്യാപാരികളും ഈ പ്രശ്‌നം വലിയ തോതിൽ നേരിടുന്നു. പേയ്‌മെൻ്റുകൾ മുടങ്ങുന്നതിനാൽ കടുത്ത വെല്ലുവിളികൾ ഇവർ നേരിടുകയും അത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

“സാധാരണയായി, വാങ്ങുന്നവർ രേഖകൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി ഒരു നിശ്ചിത തുക തടഞ്ഞുവയ്ക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ വാഹനങ്ങൾ അവരുടെ പേരിൽ മാറ്റി ലഭിക്കാത്തതിനാൽ തടഞ്ഞുവച്ച തുകകൾ മുൻ വാഹന ഉടമകൾക്ക് കിട്ടാതെ വരുന്നുവെന്ന്" കാറുകൾ കച്ചവടം നടത്തുന്ന സന്ദീപ് പറയുന്നു.

“കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഞാൻ ആറ് കാറുകൾ വിറ്റു. പക്ഷേ ഇതുവരെ അവരുടെ ഉടമസ്ഥാവകാശം മാറ്റാൻ എനിക്ക് കഴിഞ്ഞിട്ടില്ലെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി എൻഒസി അപേക്ഷകൾ വരുന്നു. "ധാരാളം രേഖകൾ കെട്ടിക്കിടക്കുന്നതിനാൽ സംസ്ഥാന വ്യാപകമായി നിലവിൽ 700ലധികം വാഹനങ്ങൾ ഉടമസ്ഥാവകാശ മാറ്റത്തിനായി കാത്തിരിക്കുകയാണെന്ന്" ഉഡുപ്പിയിലെ ഒരു ആർ‌ടി‌ഒ ഏജൻ്റ് പറയുന്നു.

ഈ പ്രതിസന്ധി ചർച്ചയായതോടെ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പ്രതികരിക്കുകയുണ്ടായി. തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും 2025 നവംബർ 13ന് നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.