"മതങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കണം ": ഷി ജിന്‍പിങ്

"മതങ്ങള്‍ രാജ്യത്തെ  നിയമങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കണം ":  ഷി ജിന്‍പിങ്

   ബെയ്‌ജിങ്‌ :  ചൈനയിലെ മതങ്ങള്‍ രാജ്യത്തെ സോഷ്യലിസ്റ്റ് സമൂഹത്തിന്‍റെ നിയമങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കണം എന്ന പ്രഖ്യാപനവുമായി ചൈനീസ് പ്രസിഡന്‍റ് . മതങ്ങളെ 'ചൈനീസ് 'വല്‍ക്കരിക്കുക  എന്ന  സര്‍ക്കാരിന്‍റെ  ആശയത്തിന് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ്  പ്രസിഡന്റ് ഷി ജിന്‍പിങിൻ്റെ  പുതിയ നിര്‍ദേശം. മതങ്ങള്‍ രാജ്യത്തെ  സാഹചര്യങ്ങളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇതിനായി മതങ്ങളെ സജീവമായി സഹായിക്കുകയും ശരിയായ വഴിക്ക് നയിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പൊളിറ്റിക്കൽ ബ്യൂറോയുടെ ഗ്രൂപ്പ് സ്റ്റഡി സെഷനിൽ അധ്യക്ഷത വഹിച്ചു കൊണ്ട് വ്യക്തമാക്കിയതായി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ചൈനയുടെ പരമ്പരാഗത  സംസ്‌കാരത്തില്‍ വേരൂന്നിയാല്‍ മാത്രമേ മതങ്ങള്‍ക്ക് ശരിയായ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയൂ. അതിനാല്‍ രാജ്യത്തിൻ്റെ  പരമ്പരാഗത സംസ്‌കാരവുമായി മതങ്ങളെ ചേര്‍ത്ത് നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

മതനേതാക്കളെയും വിശ്വാസികളെയും രാജ്യത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ശരിയായി മനസ്സിലാക്കാന്‍ സഹായിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. നിയമങ്ങള്‍ അനുസരിച്ച് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഏറ്റവും നല്ല വഴി. ഇതിനായി നിലവിലുള്ള നിയമങ്ങളും നയങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിബറ്റ്, സിന്‍ജിയാങ് എന്നീ പ്രധാന പ്രവിശ്യകളില്‍ അടുത്തിടെ ഷി ജിന്‍പിങ് സന്ദര്‍ശനം നടത്തിയിരുന്നു. ദശകങ്ങളോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ചിട്ടും ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ അവരുടെ തനതായ മതവിശ്വാസങ്ങള്‍ (ടിബറ്റില്‍ ബുദ്ധമതം, സിന്‍ജിയാങില്‍ ഉയിഗൂര്‍ ഇസ്ലാം) ശക്തമായി നിലനിര്‍ത്തുന്നുണ്ട്.ദലൈ ലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടും ടിബറ്റില്‍ ബുദ്ധമതം ഇപ്പോഴും ശക്തമായി വേരൂന്നിയിട്ടുണ്ട്. അതേസമയം, സിന്‍ജിയാങ് പ്രവിശ്യയില്‍ ഭൂരിപക്ഷം ഇപ്പോഴും ഉയിഗൂര്‍ മുസ്ലീങ്ങള്‍ ആണ്. ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കായി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ട് പോരാടുന്ന ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റ് (ETIM) എന്ന തീവ്രവാദ ഗ്രൂപ്പിനെ ചൈന നിരോധിച്ചിട്ടുണ്ട്.