സന്തോഷ്‌ ട്രോഫി: കേരളത്തിനു തകർപ്പൻ വിജയത്തുടക്കം

സന്തോഷ്‌ ട്രോഫി: കേരളത്തിനു തകർപ്പൻ വിജയത്തുടക്കം

അസം: സന്തോഷ്‌ ട്രോഫി ഫുട്ബോളിൽ കേരളത്തിനു തകർപ്പൻ വിജയത്തുടക്കം. അസമിലെ സിലാപത്തർ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ പഞ്ചാബിനെയാണ് കേരളം തോല്‍പ്പിച്ചത്. 3–1നാണു കേരളം വിജയിച്ചു കയറിയത്. കളിയുടെ ആദ്യ പകുതിയിൽ 1-0 നു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 3 ഗോളുകൾ തിരിച്ചടിച്ചാണ് കേരളത്തിന്‍റെ കുതിപ്പ്. മുഹമ്മദ്‌ അജ്‌സല്‍ ഇരട്ടഗോളുമായി മിന്നിയപ്പോള്‍ എം മനോജും ലക്ഷ്യം കണ്ടു.കളിയുടെ 27ാം മിനിറ്റിൽ ജതീന്ദർ സിങ് റാണയിലൂടെ പഞ്ചാബാണ് ആദ്യം ലീഡെടുത്തത്. 1-0 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്. പാസുകൾ നൽകുന്നതിലെ പിഴവുകളും ഒത്തിണക്കമില്ലായ്മയുമാണ് ആദ്യ പകുതിയിൽ കേരളത്തിന് തിരിച്ചടിയായത്.55ാം മിനിറ്റിൽ കോർണറിൽനിന്നുള്ള പന്ത് വലയിലാക്കി മനോജാണ് കേരളത്തിനായി ആദ്യഗോള്‍ നേടിയത്. സമനില പിടിച്ചതോടെ കൂടുതൽ ഗോളുകൾക്കായി കേരളം പണി തുടങ്ങി. പിന്നാലെ മിനിറ്റുകൾക്കകം ടീം ലീഡുമെടുത്തു. 58ാം മിനിറ്റിൽ അജ്‌സലാണ് വലകുലുക്കിയത്. നാലു മിനിറ്റിനുള്ളിൽ (62ാം മിനിറ്റിൽ) പഞ്ചാബിനെ ഞെട്ടിച്ച് അജ്‌സല്‍ വീണ്ടും ഗോളടിച്ചു.എട്ട് തവണ സന്തോഷ് ട്രോഫി ജേതാക്കളായ ടീമാണ് പഞ്ചാബ്. ബി ഗ്രൂപ്പില്‍ പഞ്ചാബ്, സര്‍വിസസ്, റെയില്‍വേസ്, ഒഡിഷ, മേഘാലയ എന്നീ ടീമുകളാണ് കേരളത്തിനൊപ്പമുള്ളത്. എ ഗ്രൂപ്പില്‍ ബംഗാള്‍, അസം, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, രജസ്ഥാന്‍ ടീമുകളാണ്. രണ്ട് ഗ്രൂപ്പുകളില്‍നിന്നും ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. ഫെബ്രുവരി എട്ടിനാണ് ഫൈനല്‍.നിലവിലെ റണ്ണറപ്പായി കേരളം എട്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ കഴിഞ്ഞതവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. സൂപ്പർ ലീഗ് കേരളയില്‍ മികവുതെളിയിച്ച യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്നതാണ് ടീം. 22 അംഗ ടീമിനെ തുടര്‍ച്ചയായ രണ്ടാം തവണയും കേരള പൊലീസ് താരം ജി.സഞ്ജുവാണ് നയിക്കുന്നത്. 24 ന് റെയിൽവേസിനെയും 26ന് ഒഡീഷയെയും 29ന് മേഘാലയയെയും നേരിടും. 31 ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസാണ് കേരളത്തിന്‍റെ എതിരാളികൾ.ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ച എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകന്‍. മുന്‍ സന്തോഷ് ട്രോഫി താരം എബിന്‍ റോസാണ് സഹപരിശീലകന്‍. 2022ൽ ആണ് ഒടുവിൽ കേരളം ചാംപ്യന്മാരായത്. ഇതുവരെ 7 തവണ ചാംപ്യന്മാരും 9 തവണ റണ്ണറപ്പുമായിട്ടുണ്ട്.