നടത്തിയത് മാനവികതയ്ക്കെതിരായ പ്രവൃത്തികളെന്ന് കോടതി: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

നടത്തിയത് മാനവികതയ്ക്കെതിരായ പ്രവൃത്തികളെന്ന് കോടതി: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കൈക്കൊണ്ട നടപടികളില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ. നേരത്തെ ഇവര്‍ കുറ്റക്കാരിയാണെന്ന് രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചിരുന്നു. മാനവികതക്കെതിരെയുള്ള അതിക്രമങ്ങളാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭ കാലത്ത് ഹസീന സര്‍ക്കാര്‍ രാജ്യത്ത് നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.കഴിഞ്ഞ കൊല്ലം രാജ്യത്ത് അരങ്ങേറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് ഒടുവില്‍ അവാമി ലീഗ് സര്‍ക്കാരിന്‍റെ പതനത്തിലേക്കും ഹസീനയെ അധികാര ഭ്രഷ്‌ടയാക്കുന്നതിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഹസീനയുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് കോടതിയുടെ നടപടി. ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഹസീനയെ വിട്ട് കൊടുക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടും.

ഒളിവില്‍ കഴിയുന്ന ഹസീന കോടതിയില്‍ ഹാജരായിരുന്നില്ല. ഇവരുടെ രണ്ട് സഹായികളായ മുന്‍ ആഭ്യന്തരമന്ത്രി അസാദുസ്‌മാന്‍ ഖാന്‍ കമല്‍, മുന്‍ പൊലീസ് മേധാവി ചൗധരി അബ്‌ദുള്ള അല്‍ മാമുന്‍ എന്നിവര്‍ക്കെതിരെയുള്ള വിധി പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും. മാമുനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍ വാദിച്ചത്. ഹസീന പരാമാവധി ശിക്ഷയ്ക്ക് അര്‍ഹയാണെന്ന് കോടതി നിരീക്ഷിച്ചു. ഹസീനയുടെ നേതൃത്വത്തില്‍ നടന്നത് നരനായാട്ടാണെന്നും ഇത് ജനാധിപത്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികളെ കൊല്ലാന്‍ ഉത്തരവിട്ട പ്രധാനമന്ത്രി ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തിയെന്നും അവര്‍ ജനാധിപത്യത്തിന് അപമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒന്നരപതിറ്റാണ്ട് നീണ്ട ഹസീന സര്‍ക്കാരിനെയാണ് രാജ്യത്ത് അരങ്ങേറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം വീഴ്‌ത്തിയത്. ഹസീനക്കെതിരായ വിധി വരുന്ന പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.സൈനികരും അര്‍ദ്ധസൈനികരും അടക്കമുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ തലസ്ഥാനമായ ധാക്കിലും അതിര്‍ത്തിയിലും ജാഗരൂകരായി നിലയുറപ്പിച്ചു. വിധിയില്‍ പ്രതിഷേധിച്ച് രാജ്യമെങ്ങും ഹര്‍ത്താല്‍ ആചരിക്കാന്‍ ഹസീനയുടെ രാഷ്‌ട്രീയ കക്ഷിയായ അവാമി ലീഗ് ആഹ്വാനം ചെയ്‌തു. അവാമി ലീഗ് ഇപ്പോള്‍ രാജ്യത്തെ നിരോധിത രാഷ്‌ട്രീയ സംഘടനയാണ്.

അതേസമയം പ്രത്യേക കോടതിയെ കംഗാരു കോടതിയെന്നാണ് ഹസീന വിശേഷിപ്പിച്ചത്. തനിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ നിയോഗിക്കാനും ഹസീന വിസമ്മതിച്ചിരുന്നു.

ഹസീന സര്‍ക്കാര്‍ നിലംപതിച്ച ശേഷം ബംഗ്ലാദേശില്‍ ഒരു രാഷ്‌ട്രീയ അനിശ്ചതത്വം നിലനില്‍ക്കുകയാണ്.അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇവിടെ പൊതു തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. ഇപ്പോള്‍ നൊബേല്‍ ജേതാവ് മുഹമ്മദ് യൂസഫിന്‍റെ നേതൃത്വത്തിലുള്ള കാവല്‍ മന്ത്രിസഭയാണ് ഭരണം നടത്തുന്നത്. അതേസമയം അവാമി ലീഗിനെ നിരോധിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

1400 പേരെ ഹസീന സര്‍ക്കാര്‍ കൊന്നുതള്ളിയെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തി ഹസീനഅധികാരത്തില്‍ കടിച്ച് തൂങ്ങാനും ശ്രമിച്ചെന്ന് ആരോപണമുണ്ടായി. കൂട്ടക്കൊലയാണ് വിചാരണ വേളയില്‍ മുഖ്യമായും കോടതി പരിഗണിച്ചത്.

കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബംഗ്ലാദേശ് വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.

അതേസമയം ബംഗ്ലാദേശില്‍ ഒരു വിശ്വസനീയതയില്ലാത്ത സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നാണ് ഹസീന ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നുവെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.ഇതിനിടെ തലസ്ഥാനമായ ധാക്കയില്‍ ചില ബോംബാക്രമണങ്ങളുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.