പ്രതിസന്ധി ഘട്ടത്തില്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദിപറഞ് ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ്.

 പ്രതിസന്ധി ഘട്ടത്തില്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദിപറഞ്  ഷെയ്ഖ് ഹസീനയുടെ  മകന്‍ സജീബ് വാസെദ്.

വിര്‍ജീനിയ: ബംഗ്ലാദേശിലുണ്ടായ രാഷ്ട്രീയ പ്രക്ഷോഭത്തിനിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു  നേരെയുണ്ടായ വധശ്രമം ഇന്ത്യ തടഞ്ഞുവെന്ന് അവരുടെ മകന്‍ സജീബ് വാസെദ്. അമ്മയെ വധിക്കാനുള്ള ശ്രമം തടഞ്ഞ ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും (Narendra Modi) നന്ദി പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎസിലെ വിര്‍ജീനിയയില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തെയും ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ച നീതിന്യായ പ്രക്രിയയെും വാസെദ് ശക്തമായി വിമര്‍ശിച്ചു. ബംഗ്ലാദേശിന്റെ നിലവിലെ ഭരണാധികാരികള്‍ നിയമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ജഡ്ജിമാരെ പിരിച്ചുവിടുകയും ഹസീനയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തുവെന്നും മകന്‍ ആരോപിച്ചു.

"ഇന്ത്യ എപ്പോഴും ഒരു നല്ല സുഹൃത്തായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചു. അവര്‍ ബംഗ്ലാദേശ് വിട്ടുപോയിരുന്നില്ലെങ്കില്‍ എതിര്‍കക്ഷികള്‍ അവരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാരിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും", അദ്ദേഹം പറഞ്ഞു. 

2024-ല്‍ ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുകയും ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയുമായിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ് മുതല്‍ ഹസീന ഇന്ത്യയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണം ഹസീനയാണെന്ന് ആരോപിച്ചും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ക്കു നേരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഉത്തരവിടുകയും ചെയ്ത കുറ്റത്തിന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) അവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. വിധി വന്നതിന് പിന്നാലെയാണ് ഹസീനയുടെ മകന്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും അന്യായം പ്രവര്‍ത്തിച്ചുവെന്നും ഹസീനയ്ക്കു നേരെയുള്ള നിയമനടപടികള്‍ രാഷ്ട്രീയ വഞ്ചനയാണെന്നും മകന്‍ വാസെദ് ആരോപിച്ചു.