ചെരുപ്പ് കമ്പനിക്ക് തീപിടിച്ച് വൻ നാശനഷ്‌ടം; വിഷ പുകയിൽ വലഞ്ഞു പ്രദേശവാസികൾ

മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിൽ ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു. കമ്പനി പൂർണമായി കത്തിനശിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായി. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും ആളപായമില്ല.ഇന്ന്ഉച്ചയോടെയാണ് ഫാക്‌ടറിയിൽ അഗ്നിബാധയുണ്ടായത്. ചെരുപ്പ് ഫാക്‌ടറിക്കുള്ളിൽ നിന്ന് വലിയ തോതിൽ കറുത്ത പുക ഉയരുന്നത് കണ്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ചെരുപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകളും അനുബന്ധ റബ്ബർ ഉത്‌പന്നങ്ങളും ഉള്ളതിനാൽ തീ അതിവേഗം പടരുകയായിരുന്നു. സംഭവ സമയത്ത് ഫാക്‌ടറിയിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവർ ഫാക്‌ടറിക്കുള്ളിൽ നിന്നും പുറത്തേക്ക് ഓടിയതിനാൽ ആരും അപകടത്തിരയായില്ല.നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ മലപ്പുറം പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പുക ശ്വസിച്ച് പരിസരവാസികൾക്ക് അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് ഫയർഫോഴ്‌സും പൊലീസും പരിശോധിച്ച് വരികയാണ്.
ഇന്നലെ താമരശേരിയില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വന്‍ തീപിടിത്തമുണ്ടായി. എലോകരയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. കൂടാതെ സംസ്‌കരണ കേന്ദ്രത്തിനരികെ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനും കത്തി നശിച്ചു.പരിസരവാസികളാണ് കെട്ടിടത്തിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഇതോടെ നാട്ടുകാര്‍ താമരശേരി പൊലീസിലും മുക്കം ഫയര്‍ സ്റ്റേഷനിലും വിവരം അറിയിച്ചു. വിവരമറിഞ്ഞ ഇരു സംഘവും സ്ഥലത്ത് എത്തുമ്പോഴേക്കും തീ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിരുന്നു.സ്ഥലത്തെത്തിയ അഗ്നിശമന സേന ഉടന്‍ തന്നെ തീയണക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും സാധിച്ചില്ല. ഇതോടെ നരിക്കുനി, കോഴിക്കോട് വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് 9 മണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. ന്യൂഇയര്‍ ആഘോഷത്തിനിടെ പടക്കത്തില്‍ നിന്നും അബദ്ധത്തില്‍ തീ പടര്‍ന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.