യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് മരണം,

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് മരണം,

റോഡ് ഐലൻ്റ്: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ അപ്രതീക്ഷിത വെടിവെപ്പ്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെതായും എട്ടു പേർക്ക് ഗുരുതരമായ പരിക്കേറ്റതായും ബ്രൗൺ സർവകലാശാല ഔദ്യോഗിക വൃത്തം അറിയിച്ചു. അക്രമിയെ നിലവിൽ പിടികൂടാനായിട്ടില്ല.റോഡ് ഐലന്‍ഡിൻ്റെ തലസ്ഥാന നഗരമായ പ്രൊവിഡന്‍സിലാണ് ബ്രൗൺ സർവകലാശാല സ്ഥിതി ചെയ്യുന്നത്. സർവകലാശാലയിലെ ബാരസ് ആൻഡ് ഹോളി എഞ്ചിനീയറിങ് കെട്ടിട സമുച്ചയത്തിൽ പ്രാദേശിക സമയം ശനിയാഴ്‌ച വൈകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം നടന്നത്.പ്രദേശത്ത് കനത്ത ജാഗ്രതയും അന്വേഷണവും പ്രഖ്യാപിച്ചതിനാൽ പ്രദേശവാസികൾ സുരക്ഷിതമായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ബ്രൗൺ സർവകലാശാലയിലുണ്ടായ സംഭവത്തിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. അക്രമിയെ കണ്ടെത്താനായില്ലെന്നും പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ സജീവമാണെന്നും പൊതുജനങ്ങൾക്കായി പുറപ്പെടുവിപ്പിച്ച ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കുന്നു."ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് വിദഗ്‌ധ ചികിത്സ ഉറപ്പാക്കുന്നുണ്ട്. അന്വേഷണ സംഘത്തിൻ്റെ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കുന്നത് തുടരണം. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്തു നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് വിദ്യാർഥികളും പ്രദേശവാസികളും താത്കാലികമായി മാറണമെന്ന് അഭ്യർഥിക്കുന്നു," സർവകലാശാല വിശദമാക്കി.സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികളോ സർവകലാശാല ജീവനക്കാരോ ഉടൻ പൊലീസുമായി ബന്ധപ്പെടണമെന്നും സർവകലാശാല കൂട്ടിച്ചേർത്തു.

“ഞാൻ വിറയ്ക്കുകയാണ്", ബ്രൗൺ സർവകലാശാലയിലെ സീനിയർ ബയോകെമിസ്ട്രി വിദ്യാർഥിയായ അലക്‌സ് ബ്രൂസ് പറഞ്ഞു. കെട്ടിടത്തിന് എതിർവശത്തുള്ള ഡോർമിൽ ഗവേഷണ സംബന്ധിയായ ജോലികൾ ചെയ്യുകയായിരുന്നുവെന്നും അപ്പോൾ പുറത്ത് സൈറണുകൾ കേട്ടുവെന്നും അലക്‌സ് കൂട്ടിച്ചേർത്തു.വെടിവെപ്പിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് അടുത്തുള്ള ലാബിലെ വിദ്യാർഥികൾ മേശകൾക്കടിയിൽ ഒളിച്ചിരിക്കുകയായിരുന്നു എന്ന് സർവകലാശാലയിലെ എഞ്ചിനീയറിങ് ഗവേഷണ വിദ്യാർഥിയായ ചിയാങ്‌ഹെങ് ചിയാൻ പറഞ്ഞു.

'പ്രതി കറുത്ത വസ്ത്രം ധരിച്ച പുരുഷൻ'

ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവെപ്പിൻ്റെ കാരണക്കാരനെന്ന് സംശയിക്കുന്ന വ്യക്തി കറുത്ത വസ്ത്രം ധരിച്ച ഒരു പുരുഷനാണെന്ന് പ്രൊവിഡൻസ് ഡെപ്യൂട്ടി പൊലീസ് മേധാവി ടിം ഓഹാര പറഞ്ഞു. സർവകലാശാല പരിസരത്ത് പ്രതി എങ്ങനെ കയറിക്കൂടിയെന്ന് അന്വേഷിച്ചു വരികയാണെന്നും ടിം ഓഹാര കൂട്ടിച്ചേർത്തു.സർവകലാശാലയിൽ നിന്നും ഏതാനും ബ്ലോക്കുകൾ അകലെ പൊലീസ് ഉദ്യോഗസ്ഥരും അജ്ഞാതനുമായി ഏറ്റുമുട്ടൽ ഉണ്ടായെന്നും ഇതാകാം വെടിവെപ്പിലേയ്ക്ക് നയിച്ചതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സർവകലാശാലയിലേത് ഭയപ്പെടുത്തുന്ന സംഭവമെന്ന് ട്രംപ്

ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവെപ്പ് ഭയപ്പെടുത്തുന്ന സംഭവം എന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തെ കുറിച്ച് പ്രതികരിച്ചത്. "ഇപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക എന്നതാണ്. എന്താണ് സംഭവിക്കുന്നതെന്ന് പിന്നീട് അറിയിക്കും". ട്രംപ് പ്രതികരിച്ചു.അമേരിക്കയിലെ തന്നെ ഏറ്റവും പഴക്കമേറിയതും മികച്ചതുമായ സര്‍വകലാശാലകളില്‍ ഒന്നാണ് ബ്രൗണ്‍ സര്‍വകലാശാല. വടക്കുകിഴക്കന്‍ മേഖലയിലെ ഉന്നത സര്‍വകലാശാലകളുടെ കൂട്ടായ്‌മയായ ഐവി ലീഗിൻ്റെ ഭാഗമാണ് ബ്രൗൺ സർവകലാശാല.